സ്റ്റാന്‍ സ്വാമിയുടെ മരണം സംഘപരിവാര്‍ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷ: ഐസക്
Wednesday, December 14, 2022 11:17 PM IST
തിരുവനന്തപുരം: സംഘപരിവാര്‍ നടപ്പാക്കിയ അപ്രഖ്യാപിത വധശിക്ഷയായിരുന്നു ജെസ്യൂട്ട് പുരോഹിതന് സ്റ്റാന്‍ ലൂര്‍ദ്ദ് സ്വാമിയുടെ മരണമെന്ന് ടി.എം. തോമസ് ഐസക്. പാര്ക്കിന്സണ് രോഗിയായ സ്റ്റാന്‍ സ്വാമി എന്ന വൃദ്ധ സന്യാസിയെ നിശബ്ദനാക്കാന്‍ ഏതറ്റംവരെയാണ് മോദി ഭരണകൂടം പോയതെന്ന് ഇപ്പോഴാണ് പൂര്‍ണമായും മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മോദിക്ക് ഇഷ്ടമില്ലാത്തവര്‍ക്കെതിരെ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കുന്ന ഒരു ഗൂഢഭീകരസംഘമായി എന്‍ഐഎ അധപതിച്ചിരിക്കുന്നു. തെറ്റായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് തടങ്കലിലെത്തിയ അദ്ദേഹത്തോട് നീതി പീഠവും ദയ കാട്ടിയില്ല. ജീവിതകാലമത്രയും ദയയുടെയും കാരുണ്യത്തിന്റെയും വെളിച്ചം പരത്തിയ സ്റ്റാന്‍ സ്വാമിയ്ക്കുണ്ടായ ദുര്‍വിധിയിലൂടെ ചരിത്രത്തില്‍ രാജ്യത്തിന്റെ ശിരസ് എന്നേക്കുമായി കുനിഞ്ഞു താഴുകയാണ്.
കാരണം, മനുഷ്യത്വത്തിനു മേല്‍ ഒരു രാജ്യം നടപ്പാക്കിയ വധശിക്ഷയായിത്തന്നെ ഈ അനീതിയെ കാലം വിധിക്കും. ജയിലില്‍ ചികിത്സ മാത്രമല്ല, വിറക്കുന്ന കൈകള്‍ കൊണ്ട് ഗ്ലാസ് ഉയര്‍ത്തി വെള്ളം കുടിക്കാന്‍ കഴിയാതായപ്പോള്‍ സ്ട്രോ പോലും അധികൃതര്‍ നിഷേധിച്ചു.
നമ്മുടെ കോടതിക്ക് 50 ദിവസം വേണ്ടിവന്നു ജയിലധികൃതരെ കൊണ്ട് സ്ട്രോ ലഭ്യമാക്കണമെന്ന അപേക്ഷ സ്വീകരിപ്പിക്കാന്. പിശാചുക്കള്‍ പോലും ചെയ്യാനറയ്ക്കുന്ന ക്രൂരത. ഈ ക്രൂരതയ്ക്ക് ദയാശൂന്യരായ ഏകാധിപതികളുടെ ചരിത്രത്തില്‍പ്പോലും സമാനതകളില്ല. വരിയുടയ്ക്കപ്പെട്ട നീതിബോധം സൃഷ്ടിച്ച രക്തസാക്ഷിയാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. ഇനിയെങ്കിലും ഭീമ കൊറേഗാവ് തടവുകാരെ മുഴുവന്‍ മോചിപ്പിക്കാനുള്ള നട്ടെല്ല് കോടതിക്ക് ഉണ്ടാകണമെന്നും ഐസക് പറഞ്ഞു.