ഇന്ധന നികുതി വർധന: ദ്വിദിന രാപ്പകൽ സമരത്തിന് ഇന്നു തുടക്കം
Monday, February 13, 2023 7:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന സെസ് ഏർപ്പെടുത്തിയതിനെതിരേ യുഡിഎഫ് ആഹ്വാനം ചെയ്ത ദ്വിദിന രാപകൽ സമരത്തിന് ഇന്നു തുടക്കമാകും. തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളിൽ കളക്ട്രേറ്റുകൾ കേന്ദ്രീകരിച്ചുമാണ് രാപകൽ സമരം സംഘടിപ്പിക്കുന്നത്.
ഇന്ന് വൈകുന്നേരം നാലു മുതൽ 14ന് രാവിലെ പത്തു വരെ നടക്കുന്ന സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും.
സെക്രട്ടേറിയറ്റിന് മുന്നിൽ യുഡിഎഫ് കണ്‍വീനർ എം.എം. ഹസനും മലപ്പുറത്ത് പി.കെ. കുഞ്ഞാലികുട്ടിയും തൃശൂരിൽ രമേശ് ചെന്നിത്തലയും തൊടുപുഴയിൽ പി.ജെ. ജോസഫും കൊല്ലത്ത് എ.എ. അസീസും പത്തനംതിട്ടയിൽ അനുപ് ജേക്കബും ആലപ്പുഴയിൽ മോൻസ് ജോസഫും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും എറണാകുളത്ത് സി.പി. ജോണും പാലക്കാട് വി.കെ. ശ്രീകണ്ഠനും കാസർഗോഡ് കാഞ്ഞങ്ങാട് രാജ്മോഹൻ ഉണ്ണിത്താനും ഉദ്ഘാടനം നിർവഹിക്കും.
വയനാട് ജില്ലയിൽ രാഹുൽ ഗാന്ധിയുടെ സന്ദർശനം ഇന്നുള്ളതിനാൽ സമരം മറ്റൊരു ദിവസവും മുസ്ലിം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാൽ കണ്ണൂരിലേത് 16,17 തീയതികളിലുമായിരിക്കും നടക്കുക.