സ്ത്രീകളുടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത ലക്ഷ്യം: മുഖ്യമന്ത്രി
Thursday, March 9, 2023 10:13 AM IST
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ഡിജിറ്റൽ പാഠശാല പദ്ധതിയിലൂടെ സ്ത്രീകളുടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യത്തിലേക്ക് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായ സ്മാർട്ട് ഫോൺ, സോഷ്യൽ മീഡിയ, ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, ഓൺലൈൻ പേയ്മെന്റ് സേവനങ്ങൾ, എടിഎം, സൈബർ സെക്യൂരിറ്റി തുടങ്ങിയവ നിത്യജീവിതത്തിൽ സ്ത്രീ സൗഹൃദമായി ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഡിജിറ്റൽ മേഖലിയിൽ സ്ത്രീ-പുരുഷ അന്തരം ഇല്ലാതാക്കണമെന്നും ഡിജിറ്റൽ ഡിവൈഡിനേയും നൂതന സാങ്കേതികവിദ്യാ രംഗത്തെ തൊഴിലന്തരത്തേയും സൈബർ കുറ്റകൃത്യങ്ങളേയുമൊക്കെ മറികടന്നു വേണം നൂതന സാങ്കേതികവിദ്യയെ ലിംഗസമത്വത്തിനായുള്ള ഉപാധിയായി ഉപയോഗിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.