ചാരപ്പണിയെന്ന് സംശയം; ഒഡീഷ തീരത്ത് കാലില്‍ കാമറ ഘടിപ്പിച്ച പ്രാവിനെ പിടികൂടി
Thursday, March 9, 2023 2:46 PM IST
ഭുവനേശ്വര്‍: കാലില്‍ കാമറയും മൈക്രോചിപ്പും ഘടിപ്പിച്ച പ്രാവിനെ ഒഡീഷ തീരത്തുനിന്ന് പിടികൂടി. ഒഡീഷയിലെ പാരദിപ് തീരത്ത് മത്സ്യബന്ധനബോട്ടില്നിന്നാണ് പ്രാവിനെ പിടികൂടിയത്.
കടലില്‍ മീന്‍പിടിക്കുന്നതിനിടെ ബോട്ടില്കയറിക്കൂടിയതാണ് പ്രാവ്. മത്സ്യത്തൊഴിലാളികളാണ് ഇതിനെ പിടികൂടി പോലീസിന് കൈമാറിയത്.
മൃഗഡോക്ടറെത്തി പ്രാവിനെ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. പക്ഷിയുടെ കാലില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങള്‍ പരിശോധിക്കാന്‍ ഫോറന്‍സിക് വിഭാഗത്തിന്റെ സഹായം തേടും.
അജ്ഞാതമായ ഏതോ ഭാഷയില്‍ പ്രാവിന്റെ ചിറകുകളില്‍ എന്തോ എഴുതിയിട്ടുണ്ട്. ഇത് എന്താണെന്ന് മനസിലാക്കാന്‍ വിദഗ്ധരുടെ സഹായം തേടുമെന്നും പോലീസ് അറിയിച്ചു.