ബിജെപിക്ക് കോൺഗ്രസ് തുണ: സീതാറാം യെച്ചൂരി
Sunday, March 19, 2023 10:01 PM IST
കൊച്ചി: കോൺഗ്രസ് ഇപ്പോഴത്തെ നിലപാട് തുടർന്നാൽ മൂന്നാംവട്ടവും കേരളത്തിൽ എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എൽഡിഎഫ് സർക്കാരിനെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ കോൺഗ്രസ് പിന്തുണയ്ക്കുകയാണ്.
ഭരണഘടനയെ സംരക്ഷിക്കാനും ഇന്ത്യയെ മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രമായി നിലനിർത്താനുമുള്ള പോരാട്ടങ്ങളിൽ എൽഡിഎഫിനൊപ്പം നിൽക്കാതെ ബിജെപിയെ കോൺഗ്രസ് പിന്തുണയ്ക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.
മത, രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവർക്കും മനുഷ്യനായി ജീവിക്കാൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ്. രാജ്യത്തെ 80 കോടി ജനങ്ങൾക്ക് സൗജന്യഭക്ഷണം നൽകിയെന്നാണ് മോദിയുടെ അവകാശവാദം. മഹാഭൂരിപക്ഷവും ഒരുനേരത്തെ ആഹാരം ലഭിക്കാത്തവരാണെന്ന ഏറ്റുപറച്ചിലാണത്. കേരളത്തിലെ സ്ഥിതി അതല്ല. അതുകൊണ്ടുതന്നെയാണ് കേന്ദ്രം കേരളത്തോട് ശത്രുതാപരമായി പെരുമാറുന്നതെന്നും യെച്ചൂരി പറഞ്ഞു.