വിജിലൻസ് ഡിവൈഎസ്പിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന
Wednesday, March 22, 2023 11:19 PM IST
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രതിയുമായി പണമിടപാട് നടത്തിയെന്ന് കണ്ടെത്തിയതിന് വിജിലന്‍സ് കേസെടുത്ത ഡിവൈഎസ്പിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തി. വിജിലന്‍സ് സ്പെഷൽ സെല്‍ ഡിവൈഎസ്പി പി.വേലായുധന് നായരുടെ കഴക്കൂട്ടത്തെ വീട്ടിലാണ് തിരുവനന്തപുരം സ്പെഷല്‍ സെല്‍ യൂണിറ്റ്-രണ്ട് എസ്പിയുടെ നേതൃത്വത്തിലുളള സംഘം പരിശോധന നടത്തിയത്.
അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രതിയായ തിരുവല്ല മുൻസിപ്പല്‍ സെക്രട്ടറി എസ്.നാരായണനെ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയിരുന്നു. നാരായണനുമായി തിരുവനന്തപുരം വിജിലന്‍സ് സ്പെഷല്‍ സെല്‍ ഡിവൈഎസ്പിയായ പി. വേലായുധന് നായര്‍ സാമ്പത്തിക ഇടപാട് നടത്തിയതായി തെളിവ് ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
നാരായണനെതിരെ വിജിലന്‍സ് സ്പെഷല്‍ സെല്ലിലുണ്ടായിരുന്ന അനധികൃത സ്വത്ത് സമ്പാദന കേസ് നേരത്തെ അന്വേഷിച്ചത് വേലായുധന് നായരായിരുന്നു.