വിഷു - റംസാൻ ചന്തകൾ ഏപ്രിൽ 12 മുതൽ
Saturday, April 8, 2023 9:50 PM IST
തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള വിഷു - റംസാന് ചന്തകള്‍ ഈ മാസം 12-ന് ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
10 ദിവസം നീണ്ടു നില്ക്കുന്ന ചന്തകള്‍ ഏപ്രില്‍ 21 വരെ പ്രവര്‍ത്തിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂരിലെ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തുള്ള സപ്ലൈകോ വിപണന കേന്ദ്രത്തിന് മുന്നില്‍ വച്ച് നടക്കും.
എല്ലാ ജില്ല, താലൂക്ക് കേന്ദ്രങ്ങളിലും ചന്തകള്‍ ആരംഭിക്കുമെന്നും ഉപഭോക്താക്കള്‍ക്ക് അവശ്യസാധനങ്ങള്‍ ചന്തയിലൂടെ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
നേരത്തെ, ഇത്തവണ വിഷു - റംസാൻ ചന്തകള്‍ ഉണ്ടാകില്ലെന്ന വിവരം വ്യാപകമായി പ്രചരിച്ചിരുന്നു. സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു.