ഹർജിക്കാരനെതിരെയുള്ള പരാമർശം തികഞ്ഞ അനൗചിത്യം, ലോകായുക്ത മാപ്പ് പറയണം: സതീശൻ
Wednesday, April 12, 2023 3:22 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കേസില്‍ പരാതിക്കാരനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ലോകായുക്തയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
നീതിന്യായ സംവിധാനങ്ങളുടെ വിശ്വാസ്യത തകര്‍ത്തുകളയുന്ന പരാമര്‍ശമാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.പരാമര്‍ശം പിന്‍വലിച്ച് ലോകായുക്ത ജഡ്ജി മാപ്പ് പറയണമെന്ന് സതീശന് പറഞ്ഞു.
ഹര്‍ജിയുമായി ചെല്ലുന്ന ആളെ പേപ്പട്ടിയെന്ന് വിളിക്കാനുള്ള ഒരു അവകാശവും ലോകായുക്തയ്ക്കില്ല. ജഡ്ജിയെ വിമര്‍ശിക്കുമ്പോഴാണ് കോടതി അലക്ഷ്യമാവുക. കോടതി വിധിയെ വിമര്‍ശിക്കാം. സുപ്രീംകോടതി വിധികള്‍ പോലും ഇന്ത്യയില്‍ ചോദ്യം ചെയ്യപ്പെടും അത് ഭരണഘടനാപരമായ അവകാശമാണെന്നും സതീശന് കൂട്ടിചേര്‍ത്തു.
എന്തടിസ്ഥാനമാണ് ലോകായുക്തയുടെ ഉത്തരവിനുണ്ടായിരുന്നതെന്നും സതീശന് ചോദിച്ചു. വിധി പുറപ്പെടുവിക്കാന്‍ ഒന്നര വര്‍ഷം കാത്തിരുന്നതെന്തിനാണെന്നും സതീശന് ചോദ്യമുന്നയിച്ചു.
അഴിമതി വിരുദ്ധ സംവിധാനങ്ങളിലുള്ള ആളുകളുടെ വിശ്വാസ്യത കുറയുന്നതുകൊണ്ടാണ് പരാതികള്‍ കുറയുന്നതെന്നും സതീശന് പറഞ്ഞു.
പേപ്പട്ടി വഴിയില്‍ നില്ക്കുമ്പോള് അതിന്റെ വായില്‍ കോലിട്ട് കുത്താതെ മാറിപ്പോകുന്നതാണ് നല്ലത്. അതുകൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്ന ലോകായുക്തയുടെ പരാമര്‍ശത്തിനെതിരെയാണ് പ്രതിപക്ഷ നേതാവ് രംഗത്തുവന്നത്. ചൊവ്വാഴ്ച മുഖ്യമന്ത്രിയുള്പ്പെടെയുള്ളവര്ക്കെതിരായ കേസില്‍ റിവ്യൂഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു പരാതിക്കാരനായ ആര്‍എസ്.ശശികുമാറിനെതിരെ ലോകായുക്തയുടെ പരാമര്‍ശം.