മുംബൈയ്ക്ക് തുടർച്ചയായ മൂന്നാം ജയം
Tuesday, April 18, 2023 11:47 PM IST
ഹൈദരാബാദ്: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുന്റെ കന്നി ഐപിഎൽ വിക്കറ്റ് നേട്ടത്തോടെ അവസാനിച്ച മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് 14 റൺസിന്റെ ജയം. ലീഗിൽ മുംബൈ നേടുന്ന തുടർച്ചയായ മൂന്നാമത്തെ ജയമാണിത്.
കാമറൂൺ ഗ്രീനിന്റെ(64) ബലത്തിൽ മുംബൈ ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്നിട്ടിറങ്ങിയ സൺറൈസേഴ്സ് അലസമായ പ്രകടനം കൊണ്ട് വിജയം കളഞ്ഞുകുളിക്കുകയായിരുന്നു. ടിം ഡേവിഡിന്റെ കൈകളിലേക്ക് കൃത്യമായി പന്തുകൾ എത്തിച്ച് തുടർക്യാച്ചുകൾ നൽകി സൺറൈസേഴ്സ് ബാറ്റർമാർ മടങ്ങിയതോടെ അവസാന ഓവർ എറിയാനായി എത്തിയ തെൻഡുൽക്കർ ജൂണിയറിന് കാര്യങ്ങൾ എളുപ്പമായി.
വൈഡ് ലൈനിൽ എത്തിയ ആദ്യ പന്തുകൾ ഇഷാൻ കിഷന്റെ കീപ്പർ ഗ്ലൗസുകൾ തടഞ്ഞുനിർത്തിയത് അർജുന് രക്ഷയായി. എന്നാൽ യോർക്കർ ലെംഗ്ത് കൃത്യമായി പാലിച്ച പന്തുകളിലൂടെ വിജയത്തിലേക്ക് ടീമിനെ എത്തിച്ച അർജുൻ, ഭുവനേശ്വർ കുമാറിനെ പുറത്താക്കി കന്നി ഐപിഎൽ വിക്കറ്റ് ആഘോഷിച്ചു.
സ്കോർ:
മുംബൈ ഇന്ത്യൻസ് 192/5(20)
സൺറൈസേഴ്സ് ഹൈദരാബാദ് 178/10(19.5)
ചേസിനിറങ്ങിയ ആതിഥേയർക്കായി മായങ്ക് അഗർവാൾ(48), ഹെന്റിക് ക്ലാർസൻ(36) എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാൽ മറ്റ് ബാറ്റർമാർ നിരാശപ്പെടുത്തിയതോടെ വിജയം അകന്നുനിന്നു.
അവസാന പ്രതീക്ഷയായ വാഷിംഗ്ടൺ സുന്ദർ(10) അലസമായ ഓട്ടത്തിലൂടെ റണ്ണഔട്ടായതോടെ ടീം ഉടമ കാവ്യ മാരന്റെ പുഞ്ചിരിയും പ്രതീക്ഷയും അസ്തമിച്ചു. മുബൈയ്ക്കായി സീനിയർ താരം പീയുഷ് ചൗള, ജേസൺ ബെഹ്റൻഡോഫ്, റൈലി മെറിഡിത്ത് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
നേരത്തെ, 40 പന്തിൽ ആറ് ഫോറുകളും രണ്ട് സിക്സുമായി തിളങ്ങിയ ഇന്നിംഗ്സിലൂടെയാണ് ഗ്രീൻ മുംബൈയ്ക്ക് മികച്ച സ്കോർ നൽകിയത്. കിഷൻ(38), തിലക് വർമ(37) എന്നിവർ മികച്ച പിന്തുണ നൽകി. ഹൈദരാബാദിനായി മാർക്കോ ജാൻസെൻ രണ്ടും ടി.നടരാജൻ, ഭുവനേശ്വർ കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.