രാജസ്ഥാനെ വീഴ്ത്തി ലക്നോ
Wednesday, April 19, 2023 11:47 PM IST
ജയ്പൂർ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ഇന്ത്യൻ പ്രീമിയർ ലീഗ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരുടെ പകിട്ടുമായി ജയ്പൂരിലെ ഹോം മൈതാനത്തേക്ക് എത്തിയ രാജസ്ഥാൻ റോയൽസിനെ വീഴ്ത്തി ലക്നോ സൂപ്പർ ജയന്റ്സ്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ റോയൽസിനെ 10 റൺസിനാണ് ലക്നോ വീഴ്ത്തിയത്.
സ്കോർ:
ലക്നോ സൂപ്പർ ജയന്റ്സ് 154/7(20)
രാജസ്ഥാൻ റോയൽസ് 144/6(20)
എത്തിപ്പിടിക്കാവുന്ന സ്കോർ ചേസ് ചെയ്യാനിറങ്ങിയ റോയൽസിനെ വീഴ്ത്തിയത് മധ്യനിര ബാറ്റർമാരുടെ മോശം പ്രകടനവും ലക്നോ നിരയുടെ മികച്ച ഫീൽഡിംഗുമാണ്. യശ്വസി ജെയ്സ്വാൾ(44), ജോസ് ബട്ലർ(40) എന്നിവർ മികച്ച തുടക്കം നൽകിയതോടെ റോയൽസ് അനായാസം വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നി.
എന്നാൽ നിർഭാഗ്യകരമായ റൺഔട്ടിലൂടെ സഞ്ജു സാംസണും(2) പിന്നാലെ ബട്ലറും മടങ്ങിയതോടെ സ്കോറിംഗ് മെല്ലെയായി. പിഞ്ച് ഹിറ്ററായ ഷിംറോൺ ഹെറ്റ്മെയർ(2), ആവേശ് ഖാന്റെ പന്തിൽ സിക്സിനായി ശ്രമിച്ച് ലോംഗ് ഓൺ ഫീൽഡറുടെ കൈയിൽ ക്യാച്ച് നൽകി മടങ്ങിയതോടെ റോയൽസിന്റെ വിധി കുറിക്കപ്പെട്ടു.
ദേവ്ദത്ത് പടിക്കൽ(26), റിയാൻ പരാഗ്(15) എന്നിവർ പതിവ് പോലെ ബൗണ്ടറി രഹിത ബാറ്റിംഗുമായി ഏറെ നേരം ചെലവഴിച്ചതോടെ വിജയം അകന്നുതുടങ്ങി. അവസാന ഓവറുകൾ അതിർത്തി വര പായിക്കുന്ന ഷോട്ടുകൾ എത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല. നാലോവറിൽ 25 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ആവേശ് ഖാനാണ് ലക്നോ ബൗളിംഗ് നിരയെ നയിച്ചത്. മാർക്കസ് സ്റ്റോയിനസ് രണ്ട് വിക്കറ്റുകൾ പിഴുതു.
നേരത്തെ, കൈൽ മെയേസ്(51) നടത്തിയ പോരാട്ടമാണ് ലക്നോയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഓപ്പണറായി എത്തിയ നായകൻ കെ.എൽ. രാഹുൽ ടി-20 ശൈലി മറന്ന് 32 പന്തിൽ 39 റൺസുമായി "ക്ലാസിക് കോപ്പിബുക്ക്' സ്ട്രൈക്ക് ശൈലി വീണ്ടും പുറത്തെടുത്തു. ആദ്യ ഓവറിൽ രാഹുലിനെ ട്രെന്റ് ബോൾട്ട് മെയ്ഡന് തളച്ചു. ഇതോടെ ഐപിഎല്ലിൽ ആകെ 11 മെയ്ഡൻ ഓവർ നേരിട്ട ബാറ്റർ എന്ന നാണംകെട്ട റിക്കാർഡും രാഹുൽ സ്വന്തമാക്കി.
ആർ. അശ്വിൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ ജേസൺ ഹോൾഡർ, സന്ദീപ് ശർമ എന്നിവരും വിക്കറ്റ് പട്ടികയിൽ ഇടംനേടി.
ജയത്തോടെ എട്ട് പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ലക്നോ എത്തി. സമാന പോയിന്റുള്ള റോയൽസ് മികച്ച റൺനിരക്കിന്റെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.