പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ അന്തരിച്ചു
Tuesday, April 25, 2023 9:56 PM IST
അമൃത്സർ: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിംഗ് ബാദൽ(95) അന്തരിച്ചു. മൊഹാലിയിലെ ഫോർടിസ് ആശുപത്രിയിൽ രാത്രി ഒമ്പതോടെയാണ് മരണം സംഭവിച്ചത്.
ഏഴ് ദിവസം മുന്പാണ് ശാരീരിക അസ്വാസ്ഥ്യതകൾ മൂലം ബാദലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുമ്പ് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
1927 ഡിസംബർ എട്ടിന് പഞ്ചാബിലെ മുക്തസർ ജില്ലയിൽ ജനിച്ച ബാദൽ, 1957-ൽ കോൺഗ്രസ് ടിക്കറ്റിലാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 1970-ൽ ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയ ബാദൽ 1977 - 1980, 1997 - 2002, 2007 - 2017 എന്നീ കാലഘട്ടങ്ങളിലും മുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ചിരുന്നു. 1969 മുതൽ 2017 വരെ 10 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയം നേടിയ വ്യക്തിയാണ് ബാദൽ.