അണ്ണനെ അടിച്ചോടിച്ച് അനിയൻകുട്ടൻ; ടൈറ്റൻസിന് ജയം
Sunday, May 7, 2023 7:54 PM IST
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ സഹോദരപ്പോരിൽ ക്രുണാൽ പാണ്ഡ്യയുടെ ലക്നോ സൂപ്പർ ജയന്റ്സിനെതിരെ ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിന് ജയം. പടവെട്ടിന് അനിയൻകുട്ടന്മാരെ ഇറക്കി, കരയ്ക്കിരുന്ന് കളി കാണുന്ന വല്യേട്ടൻ കണക്കെ ഹാർദിക് നിറഞ്ഞുനിന്ന മത്സരത്തിൽ 56 റൺസിന്റെ ജയമാണ് ടൈറ്റൻസ് സ്വന്തമാക്കിയത്.
വൃദ്ധിമാൻ സാഹ(81), ശുഭ്മാൻ ഗിൽ(94*) എന്നിവരുടെ കരുത്തിൽ ടൈറ്റൻസ് കുറിച്ച 228 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ലക്നോവിന്റെ പോരാട്ടം 171 റൺസിൽ അവസാനിച്ചു.
സ്കോർ:
ഗുജറാത്ത് ടൈറ്റൻസ് 227/2(20)
ലക്നോ സൂപ്പർ ജയന്റ്സ് 171/7(20)
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാണ്ഡ്യ ജൂണിയറിന്റെ ടീമിനായി ഗിൽ - സാഹ ഓപ്പണിംഗ് സഖ്യം വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. 43 പന്തിൽ 10 ഫോറുകളും നാല് സിക്സും പായിച്ച ശേഷം ടീം സ്കോർ 142-ൽ നിൽക്കെയാണ് സാഹ മടങ്ങിയത്. നായകൻ പാണ്ഡ്യക്കൊപ്പം(25) സ്കോർ ഉയർത്തിയ ഗിൽ ഏഴ് സിക്സും രണ്ട് ഫോറുമായി അപരാജിതനായി നിന്നു.
യാഷ് ഠാക്കൂർ. മോഹ്സിൻ ഖാൻ എന്നിവർയഥാക്രമം 48, 42 റൺസിന്റെ അധികഭാരമാണ് തങ്ങളുടെ നാലോവറുകളിൽ നിന്നായി ലക്നോവിന് സമ്മാനിച്ചത്.
മറുപടി ബാറ്റിംഗിൽ കൈൽ മേയേസ്(40), ക്വിന്റൺ ഡി കോക്ക്(70) എന്നിവർ അതിഥികൾക്ക് വിജയപ്രതീക്ഷ നൽകി. നാലോവറിൽ 29 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ പിഴുത മോഹിത് ശർമയ്ക്കൊപ്പം റാഷിദ് ഖാൻ - നൂർ അഹ്മദ് സ്പിൻ സഖ്യവും നിറഞ്ഞാടിയതോടെ ലക്നോ വീണു. 140-4 എന്ന നിലയിൽ ടീം നിൽക്കെ 14-ാം ഓവറിൽ ഡി കോക്ക് പുറത്തായതോടെ ലക്നോ സ്കോറിംഗ് ഇഴഞ്ഞുനീങ്ങാൻ തുടങ്ങി.
എട്ട് ബൗളർമാരെ ഇറക്കി ആദ്യ ഇന്നിംഗ്സിൽ തങ്ങളെ തളയ്ക്കാനുള്ള വിഫലശ്രമം നടത്തിയ ലക്നോവിനെ പരാജയപ്പെടുത്താൻ സ്പെഷലിസ്റ്റ് ബൗളർമാരുടെ സേവനം മാത്രമാണ് ടൈറ്റൻസിന് വേണ്ടിവന്നത്.
ജയത്തോടെ 16 പോയിന്റുമായി ലീഗിൽ ഒന്നാമതെത്തിയ ടൈറ്റൻസ് പ്ലേ ഓഫിന് തൊട്ടരികിലെത്തി. 11 പോയിന്റുള്ള ലക്നോ സ്ഥാനത്താണ്.