മലയാളത്തിന്റെ മോഹൻലാലിന് ജന്മദിനാശംസകൾ
Sunday, May 21, 2023 11:45 AM IST
കോട്ടയം: മോഹൻലാൽ! അസാധാരണമായ ആ പ്രതിഭയെപ്പറ്റി പുതുതായി എന്ത് പറയാൻ?
ഒരു ജനതയുടെ ആശയും ആവേശവുമെന്ന് മലയാളനാട്ടിൽ നിന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന ഏക വ്യക്തിക്ക്, ഐക്യ കേരളത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക ഐക്കണ് ഇന്ന് 63-ാം പിറന്നാൾ.
"ഇരുപത് വയതിൽ ആടാമൽ അറുപതിൽ ആടി എന്ന പയൻ' എന്ന് എ.ആർ. റഹ്മാൻ സംഗീതാത്മകമായി "ഊർവശീ' ഈണത്തിലൂടെ ചോദിച്ചത് മടിപിടിച്ചിരിക്കുന്ന യുവമനസുകളോടാണ്. ജീവിതം ആഘോഷിക്കാൻ ഒരു ചെറുപ്പക്കാരനെ പ്രേരിപ്പിക്കുന്ന ഈ വരികൾ സ്വന്തം ജീവിതത്തിലൂടെ മനോഹരമായി ആടിത്തിമിർത്ത വ്യക്തിയാണ് മോഹൻലാൽ. തന്നേക്കാൾ പ്രായമുള്ളവരെപ്പോലും ലാലേട്ടൻ എന്ന പേര് വിളിപ്പിക്കുന്ന ഈ പ്രതിഭ മലയാളത്തിന്റെ നിത്യയൗവനത്തിന്റെ പ്രതീകമാണ്.
1990-കളിൽ മൻമോഹൻ സിംഗ് കൊണ്ടുവന്ന നവലിബറൽ നയങ്ങൾ പാരമ്പര്യത്തിന്റെ കെട്ടുപാടുകൾ കാറ്റിൽപ്പറത്തിയപ്പോഴും അത് കേരളത്തിന്റെ തനിമയെ തച്ചുടയ്ക്കാതിരുന്നത് മോഹൻലാലിന്റെ ജനതയ്ക്കിടയിലെ സ്വാധീനം കൊണ്ടുകൂടിയാണ്.
ബാഗി ജീൻസും സച്ചിന്റെ ക്രിക്കറ്റും ഇന്ത്യൻ ജനതയെ വിശാലമായ ലോകത്തേക്ക് കൊണ്ടുപോയപ്പോഴും മലയാളിയെ മുണ്ടുടുക്കാനും അത് അഭിമാനമായി നിലനിർത്താനും സഹായിച്ചത് ഇന്ന് "തമ്പുരാൻ' സിനിമകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മോഹൻലാൽ സിനിമകൾ ഉള്ളതിനാലാണ്. എന്നാൽ മറ്റ് പല ഭാഷകളിലെയും ചലച്ചിത്ര താരങ്ങൾ പുലർത്തിയിരുന്ന കടുത്ത യാഥാസ്ഥിതിക ബോധം മോഹൻലാലിനെ ഒഴിഞ്ഞുനിന്നു.
സാമൂഹ്യമാധ്യമങ്ങളിലെ ബുദ്ധിജീവിപ്പട്ടം ലഭിക്കാനായി മോഹൻലാലിനെ വിമർശിച്ചാൽ മാത്രം മതി എന്ന അതിവിപ്ലകരമായ പൊളിറ്റിക്കൽ കറക്ടനസ് തത്വം നിലനിൽക്കുന്ന ഈ കാഘട്ടത്തിലും ആ പ്രതിഭയുടെ പ്രഭാവത്തിന് സൂര്യശോഭയാണ്. മലയാള സിനിമയിലെ പുതുതലമുറ താരങ്ങൾക്കും മറ്റ് നടന്മാർക്കുമായി ബോക്സ് ഓഫീസിൽ 'മോഹൻലാൽ ഇതര റിക്കാർഡുകൾ' എന്ന പ്രത്യേക വിഭാഗം നിലനിൽക്കുന്നത് തന്നെ ആരാണ് ഒന്നാമൻ എന്ന ചോദ്യം അപ്രസക്തമാണ് എന്ന് തെളിയിക്കുന്നതാണ്.
പുതിയ ഉയരങ്ങൾ താണ്ടാനായി മാത്രം കുറച്ചുനാളായി പതുങ്ങിയിരിക്കുന്ന മലയാളത്തിന്റെ പ്രിയ നരസിംഹത്തിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.