താരങ്ങൾ തയാറാണെങ്കിൽ നുണ പരിശോധനയ്ക്കു തയാർ; വെല്ലുവിളിച്ച് ബ്രിജ് ഭൂഷൺ
Sunday, May 21, 2023 10:35 PM IST
ന്യൂഡൽഹി: നുണ പരിശോധനയ്ക്കു തയാറാണെന്ന് ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗ്. ഗുസ്തി താരങ്ങളായ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവരും പരിശോധനയ്ക്കു വിധേയമാകണമെന്നും ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷൺ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു ബിജെപി എംപിയുടെ വെല്ലുവിളി.
ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട് നുണ പരിശോധനയ്ക്കു തയാറാണെങ്കിൽ താനും തയാർ. മാധ്യമങ്ങളെ വിളിച്ച് ഇക്കാര്യം അറിയിക്കുമെന്നും ബ്രിജ് ഭൂഷൺ ഫേസ്ബുക്കിൽ കുറിച്ചു. തനിക്കെതിരായ ഒരു ആരോപണമെങ്കിലും തെളിയിച്ചാൽ തൂങ്ങിമരിക്കുമെന്ന പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുന്നു. താൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോയെന്ന് ഗുസ്തി താരങ്ങൾ ഒഴികെ ആരോടെങ്കിലും ചോദിക്കാനും ബ്രിജ് ഭൂഷൺ പറഞ്ഞു.
ഉദ്ഘാടന ദിനം പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിൽ വനിതാ മഹാപഞ്ചായത്ത് നടത്തുമെന്ന് ഗുസ്തി താരങ്ങൾ ഇന്ന് പ്രഖ്യാപിച്ചു. ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ പുതിയ സരമമുഖം തുറന്നിരിക്കുന്നത്.
ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷണെതിരെ പതിനഞ്ച് ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്ന് താരങ്ങള്‍ അന്ത്യശാസനം നല്‍കിയിരുന്നു. നല്കിയ സമയം ഞായറാഴ്ചയോടെ അവസാനിച്ചതോടെയാണ് പുതിയ സമരം പ്രഖ്യാപിച്ചത്.