പോലീസുകാരന്റെ ടേസർ ഗണ്ണിൽ നിന്ന് ഷോക്കേറ്റ് 95കാരി മരിച്ചു
Wednesday, May 24, 2023 8:28 PM IST
സിഡ്നി: ഓസ്ട്രേലിയയിൽ പോലീസ് ഉദ്യോഗസ്ഥന്റെ ടേസർ ഗൺ(വൈദ്യുത ഷോക്ക് നൽകുന്ന തോക്ക്) പ്രയോഗത്തിൽ പരിക്കേറ്റ 95 വയസുകാരി മരിച്ചു. ന്യൂ സൗത്ത് വെയ്ൽസ് സ്വദേശിയായ ക്ലെയർ നൗലാൻഡ് ആണ് മരിച്ചത്.
കൂമ മേഖലയിലെ യാല്ലാംബി ലോഡ്ജ് സ്പെഷൽ ഹോമിലെ അന്തേവാസിയായ നൗലാൻഡിന് നേർക്ക് വെള്ളിയാഴ്ചയാണ് പോലീസുകാരൻ ടേസർ പ്രയോഗിച്ചത്. ഡിമൻഷ്യ രോഗിയായ നൗലാൻഡ് കറിക്കത്തി ഉപയോഗിച്ച് ഭീഷണി മുഴക്കിയതിനെത്തുടർന്ന് ഹോം അധികൃതർ പോലീസിനെ വിളിച്ചിരുന്നു.
നൗലാൻഡിനെ ശാന്തയാക്കാനായി പോലീസ് സംഘത്തിലെ സീനിയർ കോൺസ്റ്റബിളായ ക്രിസ്റ്റ്യൻ വൈറ്റ് ടേസർ പ്രയോഗം നടത്തുകയായിരുന്നു. തോക്കിൽ നിന്ന് പുറപ്പെട്ട വയറുകൾ നൗലാൻഡിന്റെ ശരീരത്തിൽ പറ്റിപ്പിടിച്ച് വൈദ്യുതാഘാതം ഏൽപ്പിക്കുകയായിരുന്നു. ഷോക്കേറ്റ നൗലാൻഡ് തലയിടിച്ച് നിലത്തേക്ക് വീണിരുന്നു.
ടേസർ പ്രയോഗം നടത്തേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും വൃദ്ധയായ സ്ത്രീയെ ഇത്തരത്തിൽ കീഴ്പ്പെടുത്തിയത് ഔചിത്യമില്ലായ്മയാണെന്നും വ്യാപക വിമർശനം ഉയർന്നിരുന്നു. തുടർന്ന് വൈറ്റിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.