മാധ്യമങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പദ്ധതി വിപുലീകരിക്കും: മുഖ്യമന്ത്രി
Thursday, May 25, 2023 9:23 PM IST
തിരുവനന്തപുരം: പത്രപ്രവർത്തക- പത്രപ്രവർത്തകേതര ജീവനക്കാരുടെ നിലവിലെ പെൻഷൻ പദ്ധതി മാധ്യമ സ്ഥാപനങ്ങളുടെ സഹായത്തോടെ വിപുലീകരിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി പ്രത്യേക പെൻഷൻ ഫണ്ട് ബോർഡ് രൂപവത്കരിക്കും.
പെൻഷൻ ചട്ടം പരിഷ്കരിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റെ ഇരുപതാം സംസ്ഥാന സമ്മേളനം തിരുവനന്തപുരം ബി.ടി.ആർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്താൻ സർക്കാരിന് മുന്നിൽവച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കും. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ ദുർബലപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. ഭരണകൂടത്തിന്റെ പ്രവൃത്തികളെ വിമർശിക്കുന്നവരെയും തങ്ങൾക്ക് കീഴ്പെടാത്തവരെയും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വായടപ്പിക്കുന്നു. ഇതിനെതിരെ മാധ്യമങ്ങൾ ശബ്ദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.