മോഷണകുറ്റം ആരോപിച്ച് ബാലനെ മർദിച്ച സംഭവം; പട്ടികജാതി കമ്മീഷൻ കേസെടുത്തു
Saturday, May 27, 2023 5:57 PM IST
ചിറ്റൂർ: മാന്പഴവും പണവും മോഷ്ടിച്ചെന്നാരോപിച്ചു പതിനേഴുകാരനെ മരത്തിൽ കെട്ടിയിട്ടു മർദിച്ച സംഭവത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പത്രവാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അടിയന്തരമായി അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനും, പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസർക്കും കമ്മീഷൻ നിർദേശം നൽകി.
കഴിഞ്ഞ ഞായറാഴ്ച കൊഴിഞ്ഞാന്പാറ എരുത്തേന്പതി വണ്ണാമടയിലായിരുന്നു സംഭവം. മലയാണ്ടി കൗണ്ടന്നൂർ സ്വദേശിയാണ് ബാലൻ. മരക്കഷണവും ചെരിപ്പും ഉപയോഗിച്ചായിരുന്നു മർദനം.
സംഭവത്തിൽ മലയാണ്ടി കൗണ്ടന്നൂർ സ്വദേശികളായ മൂന്നുപേർക്കെതിരേ കേസെടുത്തു. പലചരക്കുകട നടത്തുന്ന പരമശിവം (42), ഭാര്യ ജ്യോതിമണി (34) എ ന്നിവർക്കെതിരേയാണു കേസ്.
സിസിടിവി പരിശോധിച്ചപ്പോൾ പതിനേഴുകാരൻ കടയിൽനിന്നു പണവും സാധനങ്ങളും മോഷ്ടിക്കുന്നതു കണ്ടത്രേ. തുടർന്ന് ഇയാളെ കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്ന് കൊഴിഞ്ഞാന്പാറ പോലീസ് പറയുന്നു. മർദനമേറ്റയാൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.