കടത്തിൽ മുങ്ങിയ പാക്കിസ്ഥാന് ഐഎംഎഫ് വക മൂന്ന് ബില്യൺ ഡോളർ
Friday, June 30, 2023 11:33 PM IST
പാരിസ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാന് മൂന്ന് ബില്യൺ ഡോളർ ധനസഹായം അനുവദിക്കാൻ രാജ്യാന്തര നാണയ നിധി(ഐഎംഎഫ്).
ഐഎംഎഫുമായി പ്രാഥമിക കരാറിൽ ഏർപ്പെട്ടെന്നും പണം ഉടൻ ലഭിക്കുമെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അറിയിച്ചു. ധനസഹായത്തിന് ജൂലൈയിൽ ചേരുന്ന ഐഎംഎഫ് ബോർഡ് യോഗം അംഗീകാരം നൽകുമെന്നാണ് വിവരം.
വിദേശനാണ്യ ശേഖരത്തിൽ വൻ കുറവുള്ള പാക്കിസ്ഥാന് നിലവിലുള്ള കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ ഈ തുക മതിയാകും. എന്നാൽ കടുത്ത നിബന്ധനകൾ വച്ചാണ് ഐഎംഎഫ് പണം കൈമാറുന്നതെന്നാണ് സൂചന.
പലിശ നിരക്കുകൾ ഉയർത്താൻ സെൻട്രൽ ബാങ്കിനോട് ആവശ്യപ്പെടാനാണ് ഐഎംഎഫ് നീക്കം. ഇതോടൊപ്പം, കാലങ്ങളായി തുടരുന്ന വൈദ്യുതി നിരക്കിലെ സബ്സിഡി അവസാനിപ്പിക്കണമെന്നും കൂടുതൽ നികുതി ഇളവുകൾ പ്രഖ്യാപിക്കരുതെന്നും നിർദേശമുണ്ട്.
കൂടാതെ, വിദേശനാണ്യ ശേഖരം പിടിച്ചുനിർത്തുന്നതിന് വേണ്ടി ഏർപ്പാടാക്കിയ ഇറക്കുമതി നിരോധനം പിൻവലിക്കണമെന്നും ഐഎംഎഫ് പാക്കിസ്ഥാനോട് ആവശ്യപ്പെടും.