പാരീസിലെ പ്രാദേശിക മേയറുടെ വീടിന് തീവച്ച് അക്രമികൾ
Sunday, July 2, 2023 6:40 PM IST
പാരീസ്: 17 വയസുകാരനെ ഫ്രഞ്ച് ട്രാഫിക് പോലീസുകാർ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് അക്രമികൾ പാരീസിലെ പ്രാദേശിക മേയറുടെ വീട് തീവച്ച് നശിപ്പിച്ചു.
പാരീസ് നഗരപ്രാന്തത്തിലുള്ള ലെയ് ലേ റോസസ് നഗരത്തിന്റെ മേയറായ വിൻസെന്റ് യാൻബെണിന്റെ വസതിയിലാണ് കലാപകാരികൾ കടന്നുകയറിത്.
കാർ ഉപയോഗിച്ച് ഗേറ്റ തകർത്ത് അകത്ത് കയറിയ അക്രമികൾ വീട്ടുപകരണങ്ങൾ നശിപ്പിച്ച ശേഷം വീടിന്റെ ഒരു ഭാഗത്ത് തീയിടുകയായിരുന്നു. വീടിന് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച മേയറുടെ ഭാര്യയ്ക്കും ഏഴും അഞ്ചും വയസുള്ള കുട്ടികൾക്കും നേരെ അക്രമികൾ പടക്കങ്ങൾ എറിഞ്ഞു. മേയറുടെ പത്നി മെലനി നൊവാക്കിന്റെ കാലിന് ആക്രമണത്തിൽ പൊട്ടലേറ്റു. മേയറുടെ കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പുലർച്ചെ നാലിനാണ് ആക്രമണമുണ്ടായത്. ഈ സമയത്ത് മേയർ വീട്ടിലുണ്ടായിരുന്നില്ല. നഗരത്തിലെ കലാപം നിയന്ത്രിക്കാനായി താൻ ഓഫീസിൽ പോയ വേളയിലാണ് സംഭവമെന്ന് യാൻബെൺ അറിയിച്ചു.