മിസൈൽ പരീക്ഷണത്തെ യുഎന്നിൽ ന്യായീകരിച്ച് ഉത്തര കൊറിയ
Friday, July 14, 2023 9:17 PM IST
ന്യൂയോർക്ക്: ജപ്പാൻ കടലിടുക്കിന് സമീപത്തേക്ക് ഭൂഖണ്ഡാന്തര മിസൈൽ വിക്ഷേപിച്ച നടപടിയെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ന്യായീകരിച്ച് ഉത്തര കൊറിയ. വളരെ അപൂർവമായി മാത്രം യുഎൻ വേദികളിൽ പ്രസ്താവന നടത്താറുള്ള ഉത്തര കൊറിയയുടെ ഈ നീക്കം ഏവരെയും അത്ഭുതപ്പെടുത്തി.
ഹ്വാംഗ്സോംഗ് 18 എന്ന മിസൈൽ പ്യോംഗ്യാഗിൽ നിന്ന് വിക്ഷേപിച്ചത് ശത്രുരാജ്യങ്ങളുടെ നീക്കങ്ങളെ തടുക്കാനും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനുമാണെന്ന് കൊറിയൻ പ്രതിനിധി സുരക്ഷാ കൗൺസിലിനെ അറിയിച്ചു.
മിസൈൽ പരീക്ഷണങ്ങൾക്കെതിരായി അമേരിക്കയുടെ നേതൃത്വത്തിൽ നടത്തിയ കൗൺസിൽ യോഗത്തെ അപലപിക്കുന്നതായും കൊറിയ വ്യക്തമാക്കി.
മിസൈൽ പരീക്ഷണങ്ങൾ സംബന്ധിച്ച് 2017-ലാണ് ഉത്തര കൊറിയ യുഎന്നിൽ അവസാനമായി ഔദ്യോഗിക പ്രതികരണം നൽകിയത്.