ക്ഷണം സ്വീകരിച്ച് സിപിഎം; ലീഗിന്റെ നേതൃത്വത്തിലുള്ള സിവില്‍കോഡ് ചർച്ചയിൽ പങ്കെടുക്കും
Monday, July 24, 2023 1:52 AM IST
കോഴിക്കോട്: മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏക സിവില്‍കോഡ് സെമിനാറിൽ സിപിഎം പങ്കെടുക്കും. ബുധനാഴ്ച കോഴിക്കോട്ടുവച്ചാണ് ഏക സിവിൽകോഡിനെതിരേ മുസ്ലിം കോര്‍ഡിനേഷന്റെ പേരിൽ സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സെമിനാറിൽ അധ്യക്ഷത വഹിക്കുന്നത്. സിപിഎമ്മിനേയും ജമാഅത്തെ ഇസ്ലാമി ഉള്‍പ്പടെ എല്ലാ മത സംഘടനകളേയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
എന്നാൽ സെമിനാർ സംഘടിപ്പിക്കുന്നത് രാഷ്ട്രീയ പാർട്ടി അടിസ്ഥാനത്തിലല്ലെന്നും എല്ലാ മത രാഷ്ട്രീയ സംഘടനകളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു.
നേരത്തെ, സിപിഎം സംഘടിപ്പിച്ച സിവിൽ കോഡ് സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചിരുന്നെങ്കിലും കോൺഗ്രസ് അടക്കമുള്ള യുഡിഎഫിലെ മറ്റ് ഘടകകക്ഷികളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് അവർ വിട്ടുനിന്നിരുന്നു.