ആയുധ പരിശീലനം; ബജ്റംഗ്ദൾ പ്രവർത്തകർ പിടിയിൽ
Thursday, August 3, 2023 5:44 AM IST
ഗോഹട്ടി: ആസാമില്‍ ആയുധ പരിശീലനം നടത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ദരാംഗ് ജില്ലയിലെ മംഗള്ദോയിലെ മഹര്‍ഷി വിദ്യാ മന്ദിര്‍ സ്കൂളിലാണ് സംഭവം നടന്നത്.
ബിജോയ് ഘോഷ്, ഗോപാല്‍ ബോറ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ പിടികൂടാൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് ദരാംഗ് പോലീസ് സൂപ്രണ്ട് പ്രകാശ് സോനോവാൾ പറഞ്ഞു.
ചൊവ്വാഴ്ച സ്കൂളിലെ പ്രിൻസിപ്പൽ ഹേമന്ത പയേങ്ങിനെയും സ്കൂൾ അഡ്മിനിസ്ട്രേറ്ററായ രത്തൻ ദാസിനെയും ആയുധ പരിശീലനത്തിലെ പങ്കിന്റെ പേരിൽ അറസ്റ്റ് ചെയ്തതായി സോനോവാൾ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പിസ്റ്റളുകളും തോക്കുകളും ഉപയോഗിച്ച് യുവാക്കൾ പരിശീലനം നടത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് സംസ്ഥാനത്തുടനീളം വിമർശനങ്ങൾക്കും രോഷത്തിനും കാരണമായി.
മഹർഷി വിദ്യാ മന്ദിർ സ്കൂളിൽ സംഘടിപ്പിച്ച ചതുര് ദിന ക്യാമ്പിൽ കല, രാഷ്ട്രീയം, ആത്മീയത എന്നീ വിഷയങ്ങളിൽ 350 യുവാക്കൾക്ക് തോക്കുകളും ആയോധന കലകളും കൈകാര്യം ചെയ്യുന്നതിൽ പരിശീലനം ലഭിച്ചതായി രാഷ്ട്രീയ ബജ്റംഗ്ദൾ വ്യക്തമാക്കി.