തങ്കദിനം; ലോക് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണമണിഞ്ഞ് നീരജ് ചോപ്ര
Monday, August 28, 2023 1:21 AM IST
ബുഡാപെസ്റ്റ്: ഇന്ത്യൻ കായികചരിത്രത്തിൽ ഇന്ന് ഇന്ത്യയുടെ തങ്കദിനം. രാജ്യത്തെ കായികപ്രേമികളെ സാക്ഷിയാക്കി ബുഡാപെസ്റ്റ് ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ നീരജ് ചോപ്ര സ്വർണമണിഞ്ഞു. 88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്.

ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് ചോപ്ര മാറി. പാക്കിസ്ഥാന്റെ അർഷാദ് നദീമിനാണ് (87.82 മീറ്റർ) വെള്ളി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്ലെ (86.67) വെങ്കലം നേടി.

രണ്ടാം ശ്രമത്തിലാണ് 88.17 മീറ്റര്‍ ദൂരമെറിഞ്ഞ് നീരജ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. മൂന്നാം ശ്രമത്തില്‍ 86.32ലെത്താനേ നീരജിനായുള്ളൂ. 84.64, 87.73, 83.98 എന്നിങ്ങനെയാണ് പിന്നീടുള്ള ശ്രമങ്ങളില്‍ നീരജ് പിന്നീട്ട ദൂരം.

നീരജിനൊപ്പം ഇന്ത്യയുടെ കിഷോർ ജേന, ഡി.പി. മനു എന്നിവരും പുരുഷ വിഭാഗം ജാവലിൻത്രോ ഫൈനലിൽ മത്സരിച്ചിരുന്നു. കിഷോർ അഞ്ചാമതും (84.77 മീറ്റർ) മനു (83.48 മീറ്റർ) ആറാമതും മത്സരം പൂർത്തിയാക്കി.
യോഗ്യതാ റൗണ്ടിൽ എറിഞ്ഞ 88.77 മീറ്ററാണു നീരജ് ചോപ്രയുടെ സീസണ് ബെസ്റ്റ്. ടോക്കിയോ ഒളിമ്പിക്സില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് സ്വര്‍ണം കരസ്ഥമാക്കിയത്.