ബംഗളൂരു: പടക്ക സംഭരണശാലയിലുണ്ടായ അഗ്നിബാധയില്‍ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ചൊവാഴ്ച രാവിലെ പതിനൊന്നിനാണ് സംഭവം. കര്‍ണാടകയിലെ ഹാവേരി ജില്ലയിലുള്ള സംഭരണശാലയിലാണ് തീപിടുത്തമുണ്ടായത്. മൂന്നു പേരുടേയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ഹവേരി ഹനഗല്‍ മെയിന്‍ റോഡിലെ ആലടകട്ടി ഗ്രാമത്തിലാണ് സംഭരണശാല പ്രവര്‍ത്തിച്ചിരുന്നത്. കടേനഹള്ളി ഗ്രാമത്തില്‍ നിന്നുള്ള ദ്യാമപ്പ ഒലേകര്‍ (45), രമേഷ് ബാര്‍ക്കി (23), ശിവലിംഗ അക്കി (25) എന്നിവരാണ് മരിച്ചത്.

ദീപാവലി, ദസറ, ഗണേശ ചതുര്‍ത്ഥി എന്നീ ആഘോഷങ്ങള്‍ക്കായിട്ടുള്ള പടക്കങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് മൂന്നാം നിലയില്‍ നിന്നും ചാടി രക്ഷപെടുകയായിരുന്നു. ഈ യുവാവിന് വീഴ്ചയില്‍ സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.

സംഭരണശാലയുടെ ഷട്ടറുകളിലും ഗേറ്റുകളിലും വെല്‍ഡിംഗ് നടക്കുന്നുണ്ടായിരുന്നുവെന്നും ഇതിൽ നിന്നും സ്‌ഫോടക വസ്തുക്കളിലേക്ക് തീപടരുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ വൈകുന്നേരം അഞ്ച് വരെ തുടര്‍ന്നു.

പടക്കസംഭരണ ശാലയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഹാവേരിയിലെ പൊലീസ് സൂപ്രണ്ട് ഡോ. ശിവകുമാര്‍ സ്ഥിരീകരിച്ചു. ഏറെ മണിക്കൂറുകള്‍ നീണ്ടു നിന്ന ശ്രമത്തിലൊടുവിലാണ് അഗ്നിരക്ഷാ സേനയ്ക്ക് തീയണയ്ക്കാനായത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവമറിഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉടന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ശിവരാജ തംഗദഗിയോട് അപകടസ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശിച്ചിരുന്നു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.