മഴഭീഷണി; ഏഷ്യാ കപ്പ് മത്സരവേദി മാറ്റിയേക്കും
Sunday, September 3, 2023 9:35 PM IST
കൊളംബോ: മഴഭീഷണി നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഏഷ്യാ കപ്പ് മത്സരവേദികളിൽ മാറ്റം വരുത്താൻ ആലോചനയുമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ.
ഫൈനൽ മത്സരവും സൂപ്പർ ഫോർ സ്റ്റേജിലെ അഞ്ച് മത്സരങ്ങളും നടത്താൻ നിശ്ചയിച്ചിരുന്ന കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിന് സമീപം മഴ തുടരുമെന്നാണ് അറിയിപ്പ്. ഇതോടെയാണ് ഇവിടെ നടത്താനായി നിശ്ചയിച്ചിരുന്ന മത്സരങ്ങൾ പല്ലെകലെ, ധാംബുള്ള എന്നിവടങ്ങളിലേക്ക് മാറ്റാനുള്ള ആലോചനകൾ എസിസി ആരംഭിച്ചത്.
ടൂർണമെന്റിലെ ആവേശപ്പോരാട്ടമായ ഇന്ത്യ - പാക് മത്സരം മഴയിൽ കുതിർന്ന് ഉപേക്ഷിച്ചതിന് പിന്നാലെ വ്യാപക വിമർശനമാണ് സംഘാടകർ നേരിടുന്നത്.
നേരത്തെ, പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ ഇന്ത്യൻ ടീം പങ്കെടുക്കില്ലെന്ന ഭീഷണി ബിസിസിഐ ഉയർത്തിനെത്തുടർന്നാണ് ശ്രീലങ്കയിലും പാക്കിസ്ഥാനിലുമായി ടൂർണമെന്റ് നടത്താൻ എസിസി തീരുമാനിച്ചത്.
ടൂർണമെന്റ് ശ്രീലങ്കയിലേക്ക് എത്തുന്നത് മഴ നിറഞ്ഞുനിൽക്കുന്ന സെപ്റ്റംബറിലാകും എന്ന് അറിഞ്ഞപ്പോൾതന്നെ കൊളംബോ മേഖയിലെ മത്സരങ്ങൾ ഒഴിവാക്കണമെന്ന് വാദം ഉയർന്നതാണ്. വരണ്ട മേഖലയായ ധാംബുള്ളയിൽ മത്സരങ്ങൾ നടത്താമെന്ന നിർദേശം കളിക്കാരുടെ യാത്രാസൗകര്യം കണക്കിലെടുത്ത് അവഗണിക്കുകയായിരുന്നു.