പിഎസ്ജിയിലെ ജീവിതം തനിക്കും മെസിക്കും നരകതുല്യം: നെയ്മർ
Monday, September 4, 2023 6:01 AM IST
റിയാദ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് എതിരെ രൂക്ഷ വിമർശനവുമായി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. നരകതുല്യമായിരുന്നു പിഎസ്ജിയിലെ ജീവിതമെന്ന് നെയ്മർ പറഞ്ഞു. ലയണൽ മെസിക്കൊപ്പം പിഎസ്ജിയിൽ ചെലവഴിച്ച പ്രയാസകരമായ സമയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു നെയ്മർ.
"ഞങ്ങൾ (ഞാനും മെസിയും) പാരീസിൽ ഏറ്റവും മികച്ച പ്രകടനം നടത്താനും ചാമ്പ്യന്മാരായി ചരിത്രം സൃഷ്ടിക്കാനുമാണ് ശ്രമിച്ചത്. അതുകൊണ്ടാണ് മെസിയും ഞാനും വീണ്ടും ഒരുമിച്ച് കളിക്കാൻ തുടങ്ങിയത്. ചരിത്രം സൃഷ്ടിക്കാൻ ഞങ്ങൾ അവിടെ ഒത്തുകൂടി. നിർഭാഗ്യവശാൽ, ഞങ്ങൾ അത് നേടിയില്ല.'
"മെസി അർജന്റീന ദേശീയ ടീമിനൊപ്പം സ്വർഗതുല്യമായ ദിവസങ്ങൾ ആഘോഷിച്ചു. അവർക്കൊപ്പം അവസാന വർഷങ്ങളിലും മെസി നേട്ടങ്ങൾ സ്വന്തമാക്കി. ഞാൻ അവനെ ഓർത്ത് വളരെ സന്തോഷവാനാണ്, പക്ഷേ, പാരീസിൽ അവൻ നരകത്തിലൂടെയാണ് ജീവിച്ചത്.'-നെയ്മർ ഗ്ലോബോ എസ്പോർട്ടിനോട് പറഞ്ഞു.
ബ്രസീലിയൻ ക്ലബ് സാന്റോസ് ക്ലബിലേക്ക് മടങ്ങുക എന്നതാണ് തന്റെ ആഗ്രഹമെന്നും നെയ്മർ വെളിപ്പെടുത്തി. എപ്പോഴാണെന്ന് തനിക്കറിയില്ല, പക്ഷേ തീർച്ചയായും സാന്റോസിലേക്ക് മടങ്ങിവരുമെന്നും ബ്രസീലിയൻ താരം പറഞ്ഞു. നിലവിൽ സൗദി ക്ലബ് അൽ ഹിലാലിന്റെ താരമാണ് നെയ്മർ.
പരിക്ക് കാരണം സൗദി പ്രോ ലീഗിൽ അൽ ഹിലാലിനുവേണ്ടി ഇതുവരെ അരങ്ങേറ്റം കുറിക്കാൻ നെയ്മറിന് കഴിഞ്ഞിട്ടില്ല.