ഉദയനിധി സ്റ്റാലിനു ശക്തമായ മറുപടി നല്‍കണമെന്ന് മോദി
Wednesday, September 6, 2023 5:27 PM IST
ന്യൂഡൽഹി: സനാതന ധര്‍മം ഉന്മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ മറുപടി നല്കാന് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം. കേന്ദ്രമന്ത്രിസഭയുടെ വിശാലയോഗത്തിലായിരുന്നു നിര്‍ദേശം.
ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യം ഉള്‍പ്പെടെ നിരത്തണം. എന്നാല്‍ പഴയകാര്യങ്ങള്‍ ഉന്നയിച്ച് ധ്രുവീകരണം പാടില്ലെന്നും മോദി നിർദേശിച്ചു.
സനാതനധർമം സമൂഹത്തിൽനിന്ന് ഉന്മൂലനം ചെയ്യുന്നതിനെ ആസ്പദമാക്കി ചെന്നൈയിൽ തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ്, ആർട്ടിസ്റ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച കോൺഫറൻസിലായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം.
സനാതനധർമം സാമൂഹ്യനീതിക്ക് എതിരാണെന്നും അതിനെ ഉന്മൂലനം ചെയ്യാനായാൽ സമൂഹത്തിൽനിന്ന് നിരവധി തിന്മകൾ ഒഴിവാകുമെന്നും പറഞ്ഞ അദ്ദേഹം, ഡെങ്കിയെയും മലേറിയയെയും കൊറോണയെയും ഉന്മൂലനം ചെയ്തതുപോലെ സനാതന ധർമത്തെയും ഉന്മൂലനം ചെയ്യണമെന്നും പറഞ്ഞു.
ജനത്തെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കുന്നത് സനാതന ധർമ തത്വമാണെന്നും ഇത് ഇല്ലാതാക്കിയാൽ മാനവികതയും തുല്യതയും ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. സനാതനം എന്ന വാക്ക് സംസ്കൃതത്തിൽനിന്നുള്ളതാണെന്നും തുല്യതയ്ക്കും സാമൂഹ്യനീതിക്കും എതിരാണിതെന്നുമായിരുന്നു ഉദയനിധിയുടെ പരാമർശം.