സനാതന ധര്‍മം: പ്രവർത്തകർക്ക് തുറന്ന കത്തുമായി ഉദയനിധി സ്റ്റാലിൻ
Thursday, September 7, 2023 1:10 PM IST
ചെന്നൈ: സനാതന ധര്‍മ പരാമർശം വിവാദമായതിന് പിന്നാലെ ഡിഎംകെ പ്രവർത്തകർക്ക് തുറന്ന കത്തുമായി ഉദയനിധി സ്റ്റാലിൻ.
ഒന്‍പതുവർഷമായി ബിജെപി നൽകുന്നത് പൊള്ളയായ വാഗ്ദാനമാണെന്നും കഴിഞ്ഞ രണ്ടിന് നടത്തിയ പ്രഭാഷണത്തെക്കുറിച്ച് ചില കാര്യങ്ങൾ വിശദീകരിക്കേണ്ടത് തന്റെ കടമയാണെന്നും ഉദയനിധി പറയുന്നു.
വംശഹത്യയ്ക്കുള്ള ആഹ്വാനം നടത്തിയെന്ന രീതിയില്‍ പ്രസംഗത്തെ വളച്ചൊടിക്കുന്നത് ബിജെപിയാണ്. വ്യാജ പ്രചാരണങ്ങൾക്കെതിരേ കോടതിയെ സമീപിക്കുന്നില്ല. ഡിഎംകെ ഒരു മതത്തിനും എതിരല്ലെന്നും കത്തിൽ പറയുന്നു.
സനാതനധര്‍മ പരാമർശത്തിനു പിന്നാലെ ഉദയനിധി സ്റ്റാലിന്റെ തലവെട്ടാൻ അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആഹ്വാനം ചെയ്ത വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഉദയനിധിയുടെ തലവെട്ടിയാൽ പത്തുകോടി രൂപ പാരിതോഷികം നൽകുമെന്ന് സന്യാസി വാഗ്ദാനം ചെയ്യുന്നതിനൊപ്പം പ്രതീകാത്മകമായി ശിരച്ഛേദനം ചെയ്യുന്ന വീഡിയോയും പ്രചരിപ്പിച്ചിരുന്നു.
ഇതോടെ മധുര പോലീസ് സന്യാസിക്കെതിരെ കേസെടുത്തു. ഉദയനിധി സ്റ്റാലിന്റെ പരാമർശം വളച്ചൊടിച്ചെന്ന പരാതിയിൽ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കെതിരെ തിരുച്ചിറപ്പള്ളി പോലീസ് കേസെടുത്തിരുന്നു.