ജി 20 ഉച്ചകോടി അല്പസമയത്തിനകം; പ്രധാനമന്ത്രി ഡല്‍ഹിയിലെ വേദിയിലെത്തി
Saturday, September 9, 2023 9:37 AM IST
ന്യൂഡല്‍ഹി: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് ഉടന്‍ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടി നടക്കുന്ന ഡല്‍ഹിയിലെ വേദിയിലെത്തി.
വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ വേദിയിലേക്ക് സ്വീകരിച്ചത്. ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിലെ ഹാള്‍ പ്രധാനമന്ത്രി നിരീക്ഷിക്കുകയാണ്. അല്പസമയത്തിനകം ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ലോകനേതാക്കളും വേദിയിലെത്തും.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഉള്‍പ്പെടെയുള്ള ലോകനേതാക്കളാണ് ജി 20ക്കായി ഡല്‍ഹിയില്‍ എത്തിയത്. ഓരോ നേതാക്കളോടൊപ്പവും മോദി വേദിയില്‍ പ്രത്യേകം ഫോട്ടോകള്‍ക്കു പോസ് ചെയ്യും.
തുടര്‍ന്ന് 10.30ന് നടക്കുന്ന ആദ്യ ഉച്ചകോടി സമ്മേളനത്തില്‍ ജി 20ന്റെ തലവനായ ഇന്ത്യന്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനും നാളെ രാവിലെ 10.30നും രാഷ്ട്രനേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടി സമ്മേളനം നടക്കും. യൂറോപ്യന്‍ യൂണിയന് അടക്കം 20 അംഗരാജ്യങ്ങളുള്ള ജി 20ലേക്ക് ആഫ്രിക്കന്‍ യൂണിയനെ കൂടി ഉള്‍പ്പെടുത്താന്‍ ഉച്ചകോടി തീരുമാനിച്ചേക്കും.
ലോക നേതാക്കള്‍ക്കായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഭാരത് മണ്ഡപത്തില്‍ ഇന്നു രാത്രി നടത്തുന്ന അത്താഴവിരുന്നിലേക്ക് മുന്‍ പ്രധാനമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, ഗൗതം അദാനി, മുകേഷ് അംബാനി അടക്കമുള്ള 500 വ്യവസായ പ്രമുഖര്‍ തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മാത്രം ഒഴിവാക്കിയത് കല്ലുകടിയായി. ഉച്ചകോടിക്കെത്തിയ 40 രാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക് ഇന്നുച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഉച്ചഭക്ഷണവും നല്‍കുന്നുണ്ട്. നാളെ രാവിലെ എല്ലാ രാഷ്ട്രനേതാക്കളും രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യും.
ഉച്ചകോടി സമ്മേളനത്തിനു മുന്നോടിയായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി 31 സായുധ ഡ്രോണുകള്‍ വാങ്ങുന്നത് അടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി മോദി ഇന്നലെ രാത്രി നടത്തിയ ഉഭയകക്ഷി ചര്‍ച്ച വന്‍വിജയമായെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. 15 രാജ്യങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി ഡല്‍ഹിയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.