മൊറോക്കോ ഭൂകന്പത്തിൽ മരണം 2,862 ആയി, 2500 പേർക്ക് പരിക്ക്
Tuesday, September 12, 2023 5:35 AM IST
റബാത്ത്: മൊറോക്കോ ഭൂകന്പത്തിൽ മരണം 2,862 ആയി. പരിക്കേറ്റവരുടെ എണ്ണം 2500 ആണ്. അതേസമയം ഹൈ അറ്റ്ലസ് മലയിൽ ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രത്തോടു ചേർന്ന മേഖലയിൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.
വലിയ യന്ത്രങ്ങൾ ഇവിടെ എത്തിക്കാനായിട്ടില്ല. രക്ഷാപ്രവർത്തകർക്കു കൈ മാത്രമാണ് ആയുധമെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ബ്രിട്ടൻ, സ്പെയിൻ, ഖത്തർ, യുഎഇ രാജ്യങ്ങളുടെ സഹായവാഗ്ദാനം അംഗീകരിച്ചതായി മൊറോക്കൻ സർക്കാർ അറിയിച്ചു.
എന്നാൽ, മുൻ കോളോണിയൽ ഭരണാധികാരികളായ ഫ്രാൻസ് അടക്കം ചില രാജ്യങ്ങളുടെ സഹായം നിരസിച്ചിട്ടുണ്ട്. അടുത്തകാലത്ത് ഇരു രാജ്യങ്ങളും തമ്മുള്ള ബന്ധം മോശമാണ്. സഹായിക്കാൻ സന്നദ്ധമാണെന്നും മൊറോക്കോയാണു തീരുമാനമെടുക്കേണ്ടതെന്നും ഫ്രഞ്ച് വിദേശകാര്യമന്ത്രി കതറീൻ കോളോണ പറഞ്ഞു.
60 രക്ഷാപ്രവർത്തകർ, നാലു നായകൾ, നാലു മെഡിക്കൽ ജീവനക്കാർ എന്നിവർ ഉൾപ്പെട്ട സംഘത്തെയാണു ബ്രിട്ടൻ അയച്ചിരിക്കുന്നത്. സ്പെയിൻ 86 രക്ഷാപ്രവർത്തകരെയും എട്ടു നായകളെയും നല്കിയിട്ടുണ്ട്.
രക്ഷാപ്രവർത്തകർക്കു പുറമേ ഭക്ഷണം അടക്കമുള്ള സഹായങ്ങളുമായി കുറച്ചു വിമാനങ്ങൾ ഖത്തറിൽനിന്ന് പറന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. വെള്ളിയാഴ്ച അർധരാത്രിയിലാണ് 6.8 തീവ്രത രേഖപ്പെടുത്തി ഭൂകന്പമുണ്ടായത്.