കരുണാകരന്റെ ഓർമകൾക്ക് കാടു കയറുന്നു..!
Wednesday, September 13, 2023 5:49 AM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്റെ സ്മാരകം നിർമിക്കുന്നതിനായി സർക്കാർ അനുവദിച്ച നന്ദാവനത്തെ സ്ഥലം കാടും പടർപ്പും കയറി അനാഥമായി കിടക്കുന്നു.
കരുണാകരന്റെ ചിത്രത്തോടെ സ്ഥാപിച്ചിട്ടുള്ള ബോർഡുകളിലും ചെടികളിലെ വള്ളികൾ പടർന്നു അദ്ദേഹത്തിന്റെ ചിത്രംതന്നെ മൂടപ്പെട്ട അവസ്ഥയിലാണ്. സമീപകാലത്തു കോണ്‍ഗ്രസിന്റെ എത്രയോ പ്രതിഷേധ പരിപാടികൾ കരുണാകരന്റെ സ്മാരകം നിർമിക്കാൻ പോകുന്നൂവെന്നു പറയുന്ന ഈ സ്ഥലത്തുനിന്നും തുടങ്ങിയിട്ടുണ്ട്.
എത്രയോ കോണ്‍ഗ്രസ് നേതാക്കൾ ദിനവും ഇതുവഴി കടന്നുപോകുന്നു. എന്നിട്ടും ഈ കാടുപിടിച്ചു കിടക്കുന്ന സ്ഥലം വൃത്തിയാക്കാൻ പോലും മനസുണ്ടാകുന്നില്ല. കെ. കരുണാകരനോട് ഏറെ അടുപ്പമുണ്ടായിരുന്ന നേതാക്കൾപോലും സ്മാരകം നിർമിക്കാൻ മുന്നോട്ടുവരാത്തതിൽ കോണ്‍ഗ്രസ് പ്രവർത്തകർക്കിടയിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്.
സ്മാരക നിർമാണം ആരംഭിക്കാത്തതിൽ കെ.മുരളീധരൻ കഴിഞ്ഞ ദിവസം പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ചു. ഇനിയുള്ള തന്റെ പ്രയത്നം സ്മാരകം നിർമിക്കുന്നതിനു വേണ്ടി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുപ്പത്തിയഞ്ചു സെന്റുസ്ഥലമാണു മുൻ മുഖ്യമന്ത്രിയുടെ സ്മരാകം നിർമിക്കുന്നതിനായി സർക്കാർ അനുവദി ച്ചു നൽകിയത്.