തന്നെ പിണറായി വിജയൻ ഇറക്കിവിട്ടിട്ടില്ലെന്ന് ദല്ലാൾ നന്ദകുമാർ
Wednesday, September 13, 2023 6:50 PM IST
തിരുവനന്തപുരം: തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ ഓഫീസ് മുറിയിൽ നിന്ന് ഇറക്കിവിട്ടെന്ന ആരോപണം നിഷേധിച്ച് ദല്ലാൾ നന്ദകുമാർ.
മുഖ്യമന്ത്രി തന്നെ ഇറക്കിവിട്ടിട്ടില്ലെന്ന് നന്ദകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി. പാർട്ടി സെക്രട്ടറിയായിരിക്കേ എകെജി സെന്ററിന് എതിർവശത്തുള്ള ഫ്ലാറ്റിൽ വച്ചാണ് പിണറായിയുമായി കൂടിക്കാഴ്ച നടത്തിയത്.
പിണറായി നുണ പറയുകയാണെന്ന് പറയുന്നില്ല. പക്ഷേ തന്നെ മുറിയിൽനിന്ന് ഇറക്കിവിട്ടിട്ടില്ല. ഒരു നേതാവും തന്നോട് അങ്ങനെ ചെയ്തിട്ടില്ല. കേരള ഹൗസിൽ വിഎസിന്റെ മുറിയാണെന്ന് കരുതി പിണറായിയുടെ മുറിയിലാണ് ബെല്ലടിച്ചത്. നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് പിണറായി ചോദിച്ചു. അല്ലാതെ ഇറക്കിവിട്ടിട്ടില്ല. മാധ്യമ പ്രവർത്തകരോട് കടക്ക് പുറത്ത് എന്നു പറഞ്ഞെങ്കിലും തന്നോട് അങ്ങനെ പറഞ്ഞിട്ടില്ലെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.
സോളാർ വിഷയത്തിലെ സിബിഐ റിപ്പോർട്ടുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന ചർച്ചയിലാണ് ദല്ലാൾ നന്ദകുമാർ തന്നെ സമീപിച്ചപ്പോൾ ഇറക്കി വിട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത്.