എംസി റോഡില്‍ അപകടങ്ങള്‍ ഏറുന്നു; മൂന്നാഴ്ചയ്ക്കിടെ ആറു മരണം
Monday, September 18, 2023 12:49 PM IST
പന്തളം: എംസി റോഡില്‍ അപകടങ്ങള്‍ ഏറുന്നു. മൂന്നാഴ്ചയ്ക്കിടെ ആറു പേരാണ് കുളനടയ്ക്കും കുരമ്പാലയ്ക്കും മധ്യേ മൂന്ന് അപകടങ്ങളിലായി മരിച്ചത്. ഇതു കൂടാതെ നിരവധിയാളുകള്‍ക്ക് വ്യത്യസ്ത അപകടങ്ങളിലായി പരിക്കേല്‍ക്കുകയും ചെയ്തു.
അപകടം ഒഴിവാക്കാനായി കോടിക്കണക്കിനു രൂപ ചെലവഴിച്ച് സുരക്ഷാ പദ്ധതി അടക്കം നടപ്പാക്കിയ എംസി റോഡില്‍, ഏനാത്ത് മുതല്‍ കുളനട വരെയുള്ള ഭാഗത്താണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം അപകടങ്ങളുണ്ടായത്.
അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും നിയമലംഘനങ്ങളുമാണ് അപകടങ്ങള്‍ക്കു കാരണമായി പറയുന്നത്. കഴിഞ്ഞദിവസം കുളനടയില്‍ മൂന്നംഗസഘം സഞ്ചരിച്ച സ്കൂട്ടറാണ് നിര്‍ത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറിയത്.
തടി ലോറിയാകട്ടെ റോഡില്‍ ഒതുക്കിയല്ല നിര്‍ത്തിയിരുന്നതെന്ന് പറയുന്നു. പാര്‍ക്കിംഗ് സമയത്തു പാലിക്കേണ്ട വ്യവസ്ഥകളും ലോറി ഡ്രൈവര്‍ പാലിച്ചിരുന്നില്ല. സ്കൂട്ടര്‍ യാത്രികരാകട്ടെ മൂന്നുപേരായിരുന്നു. സ്കൂട്ടറിലെ രണ്ട് യുവാക്കള്‍ തത്ക്ഷണം മരിച്ചു. മൂന്നാമത്തെയാള്‍ ചികിത്സയിലാണ്.
കുരമ്പാലയില്‍ 13നുണ്ടായ അപകടത്തില്‍ രണ്ടുപേരാണ് മരിച്ചത്. തിരുവോണ ദിവസം കുളനടയില്‍ മറ്റു രണ്ടുപേരും അപകടത്തില്‍ മരിച്ചു. റോഡ് മെച്ചപ്പെടുത്തിയതിനു പിന്നാലെയാണ് അപകടങ്ങള്‍ ഏറിയത്.
അമിതവേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗുമാണ് പലപ്പോഴും അപകടത്തിനു കാരണം. രാത്രിയും പുലര്‍ച്ചെയുമാണ് അപകടങ്ങളേറെയും ഉണ്ടാകുന്നത്.