ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും സമൻസ്
Wednesday, September 27, 2023 11:55 PM IST
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും കടമ്പേരി സ്വദേശി കെ. വിജേഷ് എന്ന വിജേഷ് പിള്ളയ്ക്കുമെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൽ പ്രാഥമിക നടപടികൾ പൂർത്തിയാക്കി ഇരുവർക്കും സമൻസ് അയച്ചു.
ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിന് ക്രിമിനൽ നടപടിക്രമം 120 ബി, 500 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
തളിപ്പറമ്പ് ജുഡീഷൽ ഫസ്റ്റ് സ് മജിസ്ട്രേറ്റ് മുമ്പാകെ ഫയൽ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ ഗോവിന്ദൻ നൽകിയ മൊഴിയിൽ സ്വപ്ന ഒന്നാം പ്രതിയും വിജേഷ് പിള്ള രണ്ടാം പ്രതിയുമാണ്.
അടുത്ത വർഷം ജനുവരി നാലിന് ഇരുവരും തളിപ്പറമ്പ് കോടതിൽ നേരിട്ട് ഹാജരാകണം. സ്വർണക്കടത്ത് കേസിലെ ആരോപണങ്ങളിൽനിന്ന് പിൻമാറാൻ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകൾ നശിപ്പിക്കാൻ വിജേഷ് പിള്ളമുഖേന ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് സ്വപ്നയുടെ ആരോപണം.
ഗോവിന്ദൻ നേരിട്ട് നൽകിയ പരാതി ഫയലിൽ സ്വീകരിച്ച് മേയ് രണ്ടിന് മൊഴി രേഖപ്പെടുത്തിയിരുന്നു.
നേരത്തേ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സ്വപ്നയ്ക്കെതിരെ കേസെടുത്തിരുന്നു. സ്വപ്നയ്ക്കും വിജേഷ് പിള്ളക്കും വക്കീൽ നോട്ടീസ് അയച്ചിരുന്നെങ്കിലും ഖേദംപ്രകടിപ്പിക്കാനോ ആരോപണം പിൻവലിക്കാനും ഇരുവരും തയാറായിരുന്നില്ല.