പോക്സോ കേസുകള്‍ കൂടുന്നു; സ്വന്തം വീട്ടിലും കുട്ടികള്‍ അരക്ഷിതരെന്ന് റിപ്പോര്‍ട്ട്
Saturday, September 30, 2023 3:39 AM IST
കൊച്ചി: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനിടെ സ്വന്തം വീട്ടിലും കൂട്ടികള്‍ അരക്ഷിതരെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന് റിപ്പോര്‍ട്ട്. പോക്സോ കേസുകളില്‍ ഒട്ടു മിക്കതും ഇരകളുടെ വീടുകളില്‍ നിന്നുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.
2022ല്‍ 4582 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 1004 കുട്ടികളാണ് സ്വന്തം വീട്ടില്‍ ഇത്തരത്തില്‍ അതിക്രമത്തിന് ഇരയായത്. 722 കേസുകളില്‍ പ്രതികളുടെ വീടുകളിലാണ് കൃത്യം നടന്നത്. കുട്ടികള്‍ ആശുപത്രികളിലും വാഹനങ്ങള്‍, പൊതു ഇടങ്ങള്‍, ശിശു സംരക്ഷണ കേന്ദ്രങ്ങള്‍, മതപഠന ശാലകള്‍, സുഹൃത്തുക്കളുടെ വീടുകള്‍ എന്നിങ്ങനെ വിവിധയിടങ്ങളില്‍ അതിക്രമത്തിനിരയായതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
648 കേസുകള്‍ പൊതുസ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണെന്ന വിവരം ആശങ്ക ജനിപ്പിക്കുന്നതാണ്. 29 കേസുകളില്‍ കൃത്യം നടന്നത് ആശുപത്രികളിലാണ്, ശിശു സംരക്ഷണ സ്ഥാപനങ്ങളില്‍ 12, വാഹനങ്ങളില്‍ 102 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. ഇരയാകുന്നവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്.
കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 4582 കേസുകളില്‍ 4008 പേരും പെണ്‍കുട്ടികളാണ്. അതേസമയം പോക്സോ കേസുകളുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതും.