പ്രതിഷേധിക്കാൻ ഡൽഹിക്ക് പോയി; തൃണമൂൽ പ്രവർത്തകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു
Sunday, October 1, 2023 7:12 PM IST
കോൽക്കത്ത: പശ്ചിമ ബംഗാളിൽ നിന്ന് ഡൽഹിയിലേക്ക് പോയ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ജാർഖണ്ഡിലാണ് സംഭവം.
പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ ബംഗാളിൽ നിന്നും 49 ബസുകളിലായാണ് പ്രവർത്തകർ പോയത്. ഇതിൽ ഒരു ബസാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഹൈവേക്ക് സമീപമുള്ള വയലിലേക്ക് ഇടിച്ചിറങ്ങി. സംഭവത്തിൽ കുറച്ച് യാത്രക്കാർക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി പശ്ചിമ ബംഗാളിലെ പുരുലിയ പട്ടണത്തിലേക്ക് തിരികെ കൊണ്ടുവന്നു.
കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിക്കാനായിരുന്നു പ്രവർത്തകർ ഡൽഹിക്ക് പുറപ്പെട്ടത്. യാത്രയ്ക്കായി പ്രത്യേക ട്രെയിൻ വിട്ടുനൽകണമെന്ന് റെയിൽവേയോട് ആവശ്യപ്പെട്ടുവെങ്കിലും ലഭിച്ചില്ല. ഇതേതുടർന്നാണ് പ്രവർത്തകർ ബസിൽ ഡൽഹിയിലേക്ക് പുറപ്പെട്ടത്.
അതേസമയം, തൃണമൂൽ കോൺഗ്രസ് നേതാക്കൾ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ പ്രതിഷേധക്കാരെ ഡൽഹിയിലേക്ക് ബസിൽ കയറ്റുകയായിരുന്നുവെന്ന് ബിജെപി പശ്ചിമ ബംഗാൾ അധ്യക്ഷൻ സുകാന്ത മജുംദാർ അവകാശപ്പെട്ടു.
എന്നാൽ ട്രെയിൻ ബുക്കിംഗ് നിഷേധിച്ചും വിമാനങ്ങൾ റദ്ദാക്കിയും തൃണമൂൽ കോൺഗ്രസിന്റെ പ്രതിഷേധത്തെ പരാജയപ്പെടുത്താനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമിക്കുന്നതെന്ന് തൃണമൂൽ എംപി സൗഗത റോയ് ആരോപിച്ചു.