റോബിന്‍ ബസ് നിരത്തില്‍: മിനിട്ടുകള്‍ക്കകം 7,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്
വെബ് ഡെസ്ക്
Saturday, November 18, 2023 6:38 AM IST
പത്തനംതിട്ട: കോയമ്പത്തൂരിലേക്ക് ബസ് സര്‍വീസ് ആരംഭിച്ച് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്നും 200 മീറ്റര്‍ പിന്നിട്ടപ്പോഴേയ്ക്കും റോബിന്‍ ബസിന് 7500 രൂപ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്. വകുപ്പുമായി ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെയാണ് റോബിന്‍ ബസിനെ പറ്റിയുള്ള വിവരങ്ങള്‍ വൈറലാകുന്നത്.
മുന്‍പ് രണ്ട് തവണ എംവിഡി പിടികൂടിയ ബസ് ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് റോഡിലിറങ്ങുന്നതെന്ന് ബസുടമ വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഇന്ന് വെളുപ്പിന് അഞ്ച് മണിക്കാണ് ബസ് വീണ്ടും സര്‍വീസ് ആരംഭിച്ചത്. ബസിന് പിഴയിട്ടെങ്കിലും എംവിഡി ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തിട്ടില്ല.
ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്‌റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. പിഴ ചുമത്തിയ ശേഷവും യാത്ര തുടരുന്ന ബസിനെ വഴിയില്‍ ഇനിയും എംവിഡി സംഘങ്ങള്‍ തടഞ്ഞേക്കും.
സാധുതയുള്ള സ്‌റ്റേജ് ക്യാരേജ് പെര്‍മിറ്റില്ലാതെ യാത്രക്കാരില്‍ നിന്ന് പ്രത്യേകം യാത്രക്കൂലി ഈടാക്കി സ്‌റ്റേജ് ക്യാരേജായി ഓടിയതിനാണ് 7500 രൂപ പിഴ ചുമത്തുന്നതെന്ന് എംവിഡി നല്‍കിയ ചെലാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ 16ാം തിയതിയാണ് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട ബസ് റാന്നിയില്‍ വെച്ച് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കോടതി ഉത്തരവിലൂടെ ബസ് പുറത്തിറക്കിയതിന് പിന്നാലെ വീണ്ടും കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച ബസ് ഉടമ സീറ്റ് ബുക്കിംഗ് ആരംഭിക്കുകയായിരുന്നു.
രാവിലെ അഞ്ച് മണിക്ക് പത്തനംതിട്ടയില്‍ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂര്‍ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. വൈകിട്ട് അഞ്ച് മണിക്ക് കോയമ്പത്തൂരില്‍ നിന്നും തുടങ്ങി രാത്രി 12 മണിക്ക് പത്തനംതിട്ടയില്‍ ബസ് തിരിച്ചെത്തുന്ന രീതിയിലാണ് ബസിന്റെ ഷെഡ്യൂള്‍.