ഗുസ്തി ഫെഡറേഷന് താത്കാലിക സമിതിയെ നിയമിച്ച് ദേശീയ ഒളിംപിക്സ് അസോസിയേഷൻ
Wednesday, December 27, 2023 5:18 PM IST
ന്യൂഡൽഹി: പുതിയ ഗുസ്തി ഫെഡറേഷൻ ഭരണസമിതിയെ കേന്ദ്രസർക്കാർ പിരിച്ചുവിട്ടതിന് പിന്നാലെ താത്കാലിക സമിതിയെ നിയമിച്ച് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ.
ഭൂപിന്ദർ സിംഗ് ഭജ്വയാണ് സമിതിയുടെ തലവൻ. എം.എം. സൗമ്യ, മഞ്ജുഷ കൻവാർ എന്നിവരാണ് സമിതി അംഗങ്ങൾ. ഫെഡറേഷനിൽ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനാണ് പുതിയ സമിതിയെ നിയമിച്ചതെന്ന് ഐഒഎ അറിയിച്ചു.
നേരത്തേ, ബ്രിജ്ഭൂഷന്റെ അടുപ്പക്കാരൻ സഞ്ജയ് സിംഗിനെ ഗുസ്തിഫെഡറേഷൻ പ്രസിഡന്റായി തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് സാക്ഷിമാലിക് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബജ്രംഗ് പൂനിയ പത്മശ്രീ മടക്കിനൽകുകയും ചെയ്തു. തുടർന്ന് കൂടുതൽ താരങ്ങൾ മെഡൽ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച് പിന്തുണയറിയിച്ചിരുന്നു.
ഇതോടെയാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഗുസ്തി ഫെഡറേഷനെ കേന്ദ്രസർക്കാർ പിരിച്ചുവിട്ടത്.