ജയ്സ്വാളിന്റെ കരുത്തിൽ ഇന്ത്യ; 396ന് പുറത്ത്
Saturday, February 3, 2024 12:32 PM IST
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 396 റണ്‍സിന് പുറത്ത്. ഓപ്പണർ യശ്വസി ജയ്സ്വാളിന്റെ ഡബിൾ സെഞ്ചുറിയാണ് ഇന്ത്യൻ ബാറ്റിംഗിനു കരുത്തായത്. 290 പന്തുകൾ നേരിട്ട ജയ്സ്വാൾ ഏഴ് സിക്സും 19 ഫോറും ഉൾപ്പെടെ 209 റണ്‍സെടുത്താണ് മടങ്ങിയത്.
രണ്ടാം ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 336 റണ്‍സിനു ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 60 റണ്‍സ് മാത്രമാണ് കൂട്ടിച്ചേർക്കാൻ കഴിഞ്ഞത്. ആർ. അശ്വിന്റെ (20) വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് ആദ്യം നഷ്ടപ്പെട്ടത്.
പിന്നാലെ ഇരട്ട സെഞ്ചുറി നേടിയ ജയ്സ്വാളും പവലിയൻ കയറി. 30 റണ്‍സായിരുന്നു ജയ്സ്വാളിന്റെ ഇന്നത്തെ സന്പാദ്യം. ഇതോടെ ഇന്ത്യയുടെ പോരാട്ടം തന്നെ അക്ഷരാർഥത്തിൽ അവസാനിച്ചു.
ഇന്ത്യയ്ക്കായി ശുഭ്മാൻ ഗിൽ 34 റണ്‍സ് നേടി. ഗില്ലാണ് ഇന്ത്യൻ നിരയിൽ രണ്ടാമത്തെ ടോപ് സ്കോറർ. രോഹിത് ശർമ (14), ശ്രേയസ് അയ്യർ (27), രജത് പാട്ടീദാർ (32), അക്സർ പട്ടേൽ (27) എന്നിവർ നിരാശപ്പെടുത്തി.
ഇംഗ്ലണ്ടിനായി ജയിംസ് ആൻഡേഴ്സണ്, ഷൊയിബ് ബഷീർ, റെഹാൻ അഹമ്മദ് എന്നീവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.