പാർട്ടി പറഞ്ഞാൽ ഒരിക്കൽ കൂടി മത്സരിക്കുമെന്ന് തോമസ് ചാഴിക്കാടൻ
Sunday, February 4, 2024 11:29 AM IST
കോട്ടയം: ലോക്സഭയിലേക്ക് പാർട്ടി പറഞ്ഞാൽ ഒരിക്കൽ കൂടി മത്സരിക്കുമെന്ന് കോട്ടയം എംപി തോമസ് ചാഴിക്കാടൻ. പാർട്ടിയും മുന്നണിയുമാണ് സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത്. ആ തീരുമാനം എന്തായാലും അതിനൊപ്പം മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എംപി എന്ന നിലയിലുള്ള പ്രവർത്തനത്തിൽ പൂർണ സംതൃപ്തനാണ് താൻ. എംപി ഫണ്ട് പൂർണമായും ചെലവഴിച്ച് ഒന്നാമത് എത്താനായത് വലിയ നേട്ടമായി കാണുന്നു.
വിവിധ ഇടപെടലുകളിലൂടെ മണ്ഡലത്തിലെ വ്യത്യസ്തമായ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ സാധിച്ചു. റബറിന്റെ താങ്ങുവില വർധിപ്പിക്കണമെന്ന് കേരള കോൺഗ്രസ് എം മുഖ്യമന്ത്രി പിണറായിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
താങ്ങുവില വർധിപ്പിക്കുന്നത് അനുഭാവപൂർവം പരിഗണിക്കാം എന്ന ഉറപ്പ് മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം സംസ്ഥാന ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തോമസ് ചാഴിക്കാടൻ കൂട്ടിച്ചേർത്തു.