നിലപാടു കടുപ്പിച്ച് ലീഗ് ; രാജ്യസഭാ സീറ്റിനും ആവശ്യം
Thursday, February 22, 2024 8:16 PM IST
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റിനുവേണ്ടിയുള്ള നിലപാടു കടുപ്പിച്ച് ലീഗ്. മൂന്നാം സീറ്റ് മാത്രമല്ല നേരത്തെ വിട്ടുകൊടുത്ത രാജ്യസഭാ സീറ്റ് തിരിച്ചുവേണമെന്ന് ആവശ്യപ്പെടാനും ലീഗ് തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ മൂന്നാമതൊരു സീറ്റ് നല്കാന് തയാറല്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഒരു സീറ്റ് കൂടി ലീഗിനു നല്കിയാല് സാമുദായിക സമവാക്യം പ്രശ്നമാകുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഈ നിലപാട് കഴിഞ്ഞ ദിവസം മലപ്പുറത്തുചേര്‍ന്ന നേതൃയോഗം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇടതുമുന്നണിയില്‍ സിപിഐക്കു ലഭിക്കുന്ന പരിഗണന ചൂണ്ടിക്കാട്ടിയാണ് യുഡിഎഫില്‍ ലീഗിനു കുടുതല്‍ പരിഗണന വേണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ഉയര്‍ന്നത്. ഒറ്റയ്ക്കു നിന്നാല്‍ ജയിക്കാത്ത സിപിഐക്ക് നാലു സീറ്റ് ഇടതുമുന്നണി കൊടുക്കുമ്പോള്‍ ഒറ്റയ്ക്കുനിന്നു ജയിക്കാന്‍ ശേഷിയുള്ള ലീഗിന് രണ്ടു സീറ്റാണ് യുഡിഎഫ് നല്‍കുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്തവണ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നാണ് യോഗ തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ദുബായില്‍ പോവുകകയാണ്. 26നു തിരിച്ചുവന്നിട്ടു യോഗം ചേരും.
ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി എന്നിവരാണു നിലവിലുള്ള ലീഗ് എംപിമാര്‍. നിലവിലുള്ള മലപ്പുറം, പൊന്നാനി സീറ്റുകള്‍ക്ക് പുറമെ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം പല തവണ യുഡിഎഫ് യോഗങ്ങളില്‍ ഉന്നയിച്ചിരുന്നു.
അതേസമയം പുതിയൊരു സീറ്റിനായി ലീഗ് നേതാക്കള്‍ യുഡിഎഫില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടല്‍ ശക്തമായതോടെ ലീഗ് നിലപാടില്‍ അയവുവരുത്തിയേക്കുമെന്ന സൂചനയുണ്ട്.
കണ്ണൂര്‍, വയനാട് സീറ്റുകളില്‍ ഏതെങ്കിലുമൊരു വിജയമുറപ്പുള്ള സീറ്റിലാണ് ലീഗ് ഉന്നമിട്ടിരുന്നത്. കണ്ണൂരിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഉറച്ച തീരുമാനം പറയാന്‍ കഴിയുന്നില്ല. കെ. സുധാകരന് തന്നെ മത്സരിക്കുന്ന സാഹചര്യമുണ്ടായാല്‍ മുസ് ലിം ലീഗ് കാത്തിരിക്കുന്നതില്‍ പ്രയോജനമുണ്ടാകില്ല.
വയനാട്ടില്‍ രാഹുല്‍ഗാന്ധി തന്നെ വീണ്ടുമെത്തിയാല്‍ ലീഗിനു സാധ്യത അടയും. ഇതോടെ ലോക്സഭാ സീറ്റിന്റെ കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനം യുഡിഎഫില്‍ ഉരുത്തിരിയാനുള്ള സാധ്യത കുറവാണ്. മൂന്നാം സീറ്റ് ആവശ്യത്തില്‍നിന്നു പിറകോട്ടു പോകുന്നതു പാര്‍ട്ടി പ്രവര്‍ത്തകരിൽ അതൃപ്തി ഉണ്ടാക്കുമെന്നു ലീഗ് നേതൃത്വത്തിന് ആശങ്കയുണ്ട്.
അതേസമയം കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ട് യുഡിഎഫിനെ കടുത്ത സമ്മര്‍ദത്തിലാക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം ലീഗ് നേതാക്കളോട് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ലീഗിന് രാജ്യസഭാ സീറ്റ് നല്‍കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് അനുകൂല നിലപാടാണെന്നും സൂചനയുണ്ട്.
നിലവിലുള്ള രണ്ടു സീറ്റുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ ലീഗില്‍ നടന്നുവരികയാണ്. മുതിര്‍ന്ന നേതാക്കളെ തന്നെ രംഗത്തിറക്കിയാല്‍ മതിയെന്ന പൊതുഅഭിപ്രായമാണ് നേതൃനിരയിലുള്ളത്.
പൊന്നാനിയിലെയും മലപ്പുറത്തെയും നിലവിലുള്ള എംപിമാരെ പരസ്പരം മണ്ഡലം മാറ്റുന്ന കാര്യവും ചര്‍ച്ച നടക്കുന്നുണ്ട്. ഇ.ടി.മുഹമ്മദ് ബഷീര്‍ മലപ്പുറത്തും എം.പി.അബ്ദുസമദ് സമദാനി പൊന്നാനിയിലും മത്സരിക്കാനിടയുണ്ട്.