സത്യനാഥന് മനഃപ്പൂര്‍വം അവഗണിച്ചു; പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്
Saturday, February 24, 2024 9:21 AM IST
കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി.സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന്റെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്. സത്യനാഥന് തന്നെ മനഃപൂര്‍വം അവഗണിച്ചുവെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നുമാണ് അഭിലാഷിന്റെ മൊഴി.
മറ്റു പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേറ്റ സംഭവത്തിലും തന്നെ സംരക്ഷിക്കാന്‍ തയാറായില്ല. ഇതാണ് വൈരാഗ്യത്തിന് കാരണമായെന്നും അഭിലാഷ് മൊഴി നല്‍കിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം പ്രതി കൊല നടത്താന്‍ ഉപയോഗിച്ച ആയുധം വാങ്ങിയത് ഗള്‍ഫില്‍ നിന്നാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കൊലപാതകം നടന്ന സ്ഥലത്തിന് അടുത്ത് നിന്നാണ് കുത്താനുപയോഗിച്ച കത്തി വെള്ളിയാഴ്ച കണ്ടെത്തിയത്.
അഭിലാഷിന് വേണ്ടി അന്വേഷണസംഘം ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കൊയിലാണ്ടി കോടതിയിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക.