റായ്ബറേലിയിൽ പ്രിയങ്ക മത്സരിച്ചേക്കില്ല; തീരുമാനം കോണ്‍ഗ്രസ് പുനരാലോചിക്കും
Thursday, February 29, 2024 4:30 PM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രയങ്കാ ഗാന്ധിയെ റായ്ബറേലിയിൽ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിൽ പുനരാലോചന. യുപിയിലെ രാഷ്ട്രീയ സാഹചര്യത്തിൽ വന്ന മാറ്റമാണ് കോണ്‍ഗ്രസിനെ പുനരാലോചനയിലേക്ക് നയിച്ചത്.
സമാജ്വാദി പാർട്ടിയുമായി സഖ്യത്തിൽ മത്സരിക്കാൻ കോണ്‍ഗ്രസ് നേരത്തേ തീരുമാനിച്ചിരുന്നു. 80 സീറ്റുകളിൽ 17 സീറ്റുകളിൽ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്നായിരുന്നു ധാരണ. ഇതിൽ അമേഠിയും റായ്ബറേലിയും ഉൾപ്പെടും.
എന്നാൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തതാണ് കോണ്‍ഗ്രസ് തീരുമാനം മാറ്റാൻ ആലോചിക്കുന്നത്. കുറുമാറി വോട്ട് ചെയ്ത അംഗങ്ങളിൽ കൂടുതൽപ്പേരും റായ്ബറേലി ലോക്സഭാ മണ്ഡലത്തിലുൾപ്പെടുന്നവരാണ്.
അമേഠിയിൽ രാഹുൽഗാന്ധിക്കേറ്റ പരാജയം റായ്ബറേലിയിൽ സോണിയാഗാന്ധിക്ക് പകരം എത്തുന്ന പ്രിയങ്കയ്ക്കും നേരിടേണ്ടിവരുമെന്നാണ് നേതൃത്വത്തിന്റെ ഭയം. അതിനാൽ ഉത്തർപ്രദേശിൽനിന്നുള്ള സ്ഥാനാർഥിയെ റായ്ബറേലിയിൽ മത്സരിപ്പിക്കാൻ പാർട്ടി ആലോചിക്കുന്നതായാണ് വിവരം.