നീതി ലഭിച്ചില്ല; വധശ്രമക്കേസ് പ്രതികളെ വെറുതെ വിട്ട വിധിയോട് പ്രതികരിച്ച് പി.ജയരാജൻ
Friday, March 1, 2024 7:10 PM IST
കണ്ണൂർ: വധശ്രമ കേസിലെ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി പി.ജയരാജൻ. ഇരയെന്ന നിലയിൽ തനിക്ക് നീതി ലഭിച്ചില്ലെന്നും കേസിന്റെ കാര്യത്തിൽ കോടതി കാണിച്ചത് നീതീകരിക്കാനാകാത്ത ധൃതിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പി. ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിചാരണക്കോടതി ശിക്ഷിച്ച ആർഎസ്എസ് പ്രവർത്തകരായ ആറു പ്രതികളിൽ ഒരാളൊഴികെ മറ്റുള്ളവരെ ഹൈക്കോടതി വെറുതേ വിട്ടിരുന്നു. സാക്ഷിമൊഴികൾ വിശ്വാസത്തിലെടുക്കാനാകില്ലെന്നും കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും വിലയിരുത്തിയാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
24 വർഷങ്ങൾക്ക് മുമ്പ് തിരുവോണദിവസം വീട്ടിൽ കയറി എന്നെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് വിചാരണ കോടതി നൽകിയ ശിക്ഷ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി വന്നിരിക്കുന്നു. കീഴ്ക്കോടതികളുടെ വിധികൾ മേൽക്കോടതികൾ റദ്ദാക്കുന്നത് സ്വാഭാവികമാണ്.
ഞാൻ ഇരയായിട്ടുള്ള വധശ്രമ കേസിന്റെ ഹൈക്കോടതി വിധിയും അതുകൊണ്ട് തന്നെ ഞാൻ വ്യക്തിപരമായി എടുക്കുന്നില്ല. എന്നാൽ ജുഡീഷ്യറിയുടെ പല തലങ്ങളിലും ആർഎസ്എസിന്റെ ഇടപെടലുകൾ ചർച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.