ഛേത്രിയുടെ ഗോൾ തുണച്ചില്ല; അഫ്ഗാനെതിരേ ഇന്ത്യക്ക് തോല്‍വി
Tuesday, March 26, 2024 10:58 PM IST
ഗുവാഹത്തി: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ഇന്ത്യക്ക് തോല്‍വി. ആദ്യ പകുതിയില്‍ നായകന് സുനില്‍ ഛേത്രിയുടെ ഗോളിൽ മുന്നിലെത്തിയ ഇന്ത്യക്ക് പിന്നീട് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
സുനില്‍ ഛേത്രിയുടെ 150-ാം അന്താരാഷ്ട്ര മത്സരമായിരുന്നു ഗുവാഹത്തിയിൽ അരങ്ങേറിയത്. 36-ാം മിനിറ്റില്‍ ഇന്ത്യക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഛേത്രി ഗോളാക്കി മാറ്റുകയായിരുന്നു.
68-ാം മിനിറ്റില്‍ ഇന്ത്യ സുനില്‍ ഛേത്രി, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റന്‍ കൊലാസോ എന്നിവരെ കയറ്റി പകരം ലലിന് സുവാല ഛങ്തെ, നോറം മഹേഷ്, അനിരുദ്ധ് ഥാപ്പ എന്നിവരെയിറക്കി. കൃത്യം രണ്ട് മിനിറ്റു കഴിഞ്ഞ് അഫ്ഗാന്റെ ആദ്യ ഗോള്‍ വീണു.
അഫ്ഗാന് താരം റഹ്മത് അക്ബരി ഉതിര്‍ത്ത ഷോട്ട് ഗോൾ വല കുലുക്കിയതോടെ ഇരു ടീമും ഒപ്പത്തിന് ഒപ്പമെത്തി. 88-ാം മിനിറ്റില്‍ അഫ്ഗാന് മുന്നേറ്റ താരത്തെ ബോക്സിനകത്ത് തടയാന്‍ ശ്രമിച്ചതിന് ഗുര്‍പ്രീത് സിംഗ് സന്ധു പെനാല്‍റ്റിയും മഞ്ഞക്കാര്‍ഡും വഴങ്ങി.
കിക്കെടുത്ത ശരീഫ് മുഖമ്മദിന് പിഴച്ചില്ല. ഇതോടെ അഫ്ഗൻ 2-1 മുന്നിലെത്തി. പിന്നീട് അഫ്ഗന്റെ ഗോൾവല കുലുക്കാൻ ഇന്ത്യൻ താരങ്ങൾ പടിച്ചപണി പതിനെട്ടും നോക്കിയിട്ടും ഗോൾമാത്രം പിറന്നില്ല.