പണിക്കിറങ്ങേണ്ട, ഇടതുസ്ഥാനാർഥിയുടെ സ്വീകരണത്തിന് പോകണം; തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വാട്സാപ്പില്‍ നിര്‍ദേശം
Thursday, April 11, 2024 11:49 AM IST
കോട്ടയം: വിജയപുരത്ത് ഇടതുസ്ഥാനാര്‍ഥിയുടെ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിര്‍ദേശം. ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ശേഷം പണിക്ക് ഇറങ്ങാതെ കോട്ടയത്തെ ഇടതുസ്ഥാനാർഥിയുടെ സ്വീകരണത്തില്‍ പങ്കെടുക്കണമെന്നാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ എത്തിയ ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
ബുധനാഴ്ച വൈകുന്നേരം ഒമ്പതരയോടെയാണ് വിജയപുരം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഗ്രൂപ്പില്‍ സന്ദേശം എത്തിയത്. വ്യാഴാഴ്ച ഇടതുസ്ഥാനാർഥിയുടെ പര്യടനമുള്ളതിനാല്‍ ഉച്ചകഴിഞ്ഞ് മാത്രം പണിക്ക് കയറിയാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. വാര്‍ഡ് മെമ്പറും സിപിഎം നേതാവും പറഞ്ഞതനുസരിച്ചാണ് വാട്സാപ്പില്‍ ഇത്തരമൊരു സന്ദേശം ഇട്ടതെന്ന് തൊഴിലുറപ്പ് മേറ്റിന്റെ ചുമതലയുള്ള ജ്യോതി പ്രതികരിച്ചു.
അതേസമയം, തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി.സോമന്‍കുട്ടി ആരോപിച്ചു. സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ ആളില്ലാത്തതുകൊണ്ട് തൊഴിലുറപ്പുകാരെ ഭീഷണിപ്പെടുത്തി പരിപാടിയില്‍ പങ്കെടുപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഓഡിയോ സന്ദേശം പുറത്തുപോയതോടെ പ്രതിരോധത്തിലായ ഇവര്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.