സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞു; കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനി മരിച്ചു
Thursday, April 18, 2024 10:13 AM IST
കല്പറ്റ: സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങല്‍ അബ്ദു സലാമിന്റെ മകള്‍ ഫാത്തിമ തസ്കിയ (24) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 ന് ആണ് അപകടമുണ്ടായത്.
കല്പറ്റ പിണങ്ങോട് പന്നിയാര്‍ റോഡില്‍ വെച്ച് നിയന്ത്രണംവിട്ട സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പരിക്കേറ്റ സഹായത്രികയും സുഹൃത്തുമായ അജ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനികളാണ്.
മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ് മീറ്റിംഗുമായി ബന്ധപ്പെട്ട് കല്പറ്റയില് പോയി തിരിച്ച് വരുമ്പോഴായിരുന്നു അപകടം. പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവില്‍ സ്കൂട്ടര്‍ റോഡില്‍ നിന്നും താഴ്ചയിലേക്ക് മറിയുകയായിരുന്നു. തസ്കിയ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.