നേതൃയോഗം വിളിച്ച് സജി മഞ്ഞക്കടന്പിൽ; കേരള കോണ്‍ഗ്രസ്-എമ്മിലേക്കെന്നു സൂചന
Thursday, April 18, 2024 2:37 PM IST
കോട്ടയം: യുഡിഎഫ് ജില്ലാ ചെയര്മാന്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവച്ച സജി മഞ്ഞക്കടമ്പില്‍ തന്റെ രാഷ്ട്രീയ നിലപാടു വെള്ളിയാഴ്ച പ്രഖ്യാപിക്കും. രാവിലെ 10.30ന് ദര്‍ശന ഓഡിറ്റോറിയത്തില്‍ നേതൃയോഗം വിളിച്ചുചേര്‍ത്താണു നിലപാടു പ്രഖ്യാപനമെന്ന് സജി പറഞ്ഞു.
കേരള കോണ്‍ഗ്രസ്-എമ്മിലേക്ക് തിരികെയെത്തുമെന്നാണു പുറത്തുവരുന്ന സൂചനകൾ. കോട്ടയത്തും പാലായിലും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. സജിയുയമായി കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റ്യനും ചര്‍ച്ചകള്‍ നടത്തിയിരുന്നു.
സിപിഎം നേതൃത്വവും സജിയോട് കേരള കോണ്‍ഗ്രസ്-എമ്മിലേക്കു തിരികെയെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രി വി.എന്‍. വാസവന് കഴിഞ്ഞയാഴ്ച സജിയുമായി സംസാരിച്ചിരുന്നു. പാലായില്‍ നിന്നുള്ള പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തെ തുടര്‍ചര്‍ച്ചകള്‍ക്കായി ചുമതലപ്പെടുത്തുകയും ചെയ്തു.
രാഷ്ട്രീയ നിലപാടു പ്രഖ്യാപിക്കുന്നതോടൊപ്പം ഏതു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്നതും യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും തന്റെ നിലപാടുകളുമായി യോജിപ്പുള്ള ആളുകള്‍ സമ്മേളനത്തിലുണ്ടാകുമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.