ജോണ്‍ ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
Thursday, April 18, 2024 9:39 PM IST
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപി നടത്തിയ പ്രഭാഷണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് റിപ്പോർട്ട്. സർവകലാശാല രജിസ്ട്രാർ റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.
പ്രതിമാസ പ്രഭാഷണമാണ് നടന്നതെന്നും രാഷ്ട്രീയ പ്രചാരണം നടന്നിട്ടില്ലെന്നും പാർട്ടിയുടെ കൊടിയോ ചിഹ്നമോ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ജോൺ ബ്രിട്ടാസിന്റെ പ്രഭാഷണം അനുവദിക്കരുതെന്ന് വിസി രജിസ്ട്രാറോട് നിർദേശിച്ചിരുന്നു.
എന്നാൽ ഇന്നലെ ഉച്ചയോടെ ബ്രിട്ടാസ് സർവകലാശാലയിലെത്തി പ്രഭാഷണം നടത്തുകയായിരുന്നു. ഇടതു ജീവനക്കാരുടെ സംഘടനയായ യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രതിമാസ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്.
ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന വിഷയത്തിലാണ് ജോൺ ബ്രിട്ടാസ് പ്രഭാഷണം നടത്തിയത്. വിസി പരിപാടിയിൽ വിയോജിപ്പ് അറിയിക്കുകയും തുടർ തീരുമാനത്തിന് രജിസ്ട്രാറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
തുടര്‍ന്ന് രജിസ്ട്രാർ സംഘാടകർക്ക് നോട്ടീസും നൽകി. പക്ഷേ വിലക്ക് ലംഘിച്ച് മുന്നോട്ട് പോകാനായിരുന്നു സംഘാടകരുടെ തീരുമാനം. രാഷ്ട്രീയ പരിപാടി പാടില്ലെന്ന രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിലനിൽക്കെ പ്രധാനമന്ത്രിയേയും ബിജെപിയയേും വിമര്‍ശിച്ചായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം.
തുടർന്ന് ബിജെപി നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുകയായിരുന്നു.