കല്യാശേരി കള്ളവോട്ട്; വോട്ട് അസാധുവാക്കുമെന്ന് ജില്ലാ കളക്ടർ
Friday, April 19, 2024 7:12 PM IST
കണ്ണൂർ: കല്യാശേരിയിൽ വയോധികയുടെ വോട്ട് സിപിഎം നേതാവ് ചെയ്ത സംഭവത്തിൽ നടപടിയുമായി ജില്ലാ കളക്ടർ. ഈ വോട്ട് അസാധുവാക്കുമെന്നും റീപോളിംഗ് സാധ്യമല്ലെന്നും കാസർഗോഡ് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു.
കാസർഗോഡ് മണ്ഡലത്തിലെ കല്യാശേരി പാറക്കടവിൽ സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി ഉയർന്നത്. സംഭവത്തിൽ എൽഡിഎഫ് ബൂത്ത് ഏജന്റ് ഗണേശൻ ഉൾപ്പടെ അഞ്ച് പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ പോലീസ് കേസെടുത്തു.
അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍ വി.വി. പൗര്‍ണമി,പോളിംഗ് അസിസ്റ്റന്റ് ടി.കെ.പ്രജിന്, മൈക്രോ ഒബ്സര്‍വര്‍ എ.ഷീല, സിവില്‍ പോലീസ് ഓഫീസര്‍ പി.ലെജീഷ്, വീഡിയോഗ്രാഫര്‍ പി.പി.റിജു അമല്‍ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഇതുപോലെയുള്ള സംഭവം ഒരിടത്തും നടത്താൻ പാടില്ലെന്നും കളക്ടർ വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.